മൃഗീയം എന്നുതന്നെ പറയാം. കാരണം മൃഗങ്ങൾ ഇണയ്ക്കുവേണ്ടി പരസ്പരം കടിച്ചുകീറാറുണ്ട്. കൊല്ലാറുണ്ട്. അതെല്ലാം അവയുടെ സ്വാഭാവിക രീതിയാണ്.
ഇണയെക്കിട്ടാൻ ഏതാണ്ടു മൃഗങ്ങൾക്കുതുല്യം പോരടിക്കുന്ന ഒരു വിഭാഗം മനുഷ്യരുണ്ട്- അങ്ങ് ആഫ്രിക്കൻ അറ്റത്ത്. എത്യോപ്യയിലെ സുരി ഗോത്രത്തിലാണ് ഈ കാമിനീകലഹം!
രക്തം ചിന്തുന്ന പ്രദർശനം
സുരി ഗോത്രത്തിലെ യുവാക്കൾക്ക് വധുവിനെക്കിട്ടാൻ ഒരേയൊരു മാർഗമേയുള്ളൂ- വടിയുദ്ധം. പൊരിഞ്ഞ അടി അടിക്കുക, കിട്ടുന്നതു വാങ്ങിവയ്ക്കുക. ചോരയിൽക്കുളിച്ച് ഒടുക്കംവരെ നിന്നാൽ, മറ്റെല്ലാവരും തോറ്റു പിന്മാറിയാൽ കല്യാണം. ചോരചിന്തി വിജയിച്ചൊരു നില്പ്! അവരുടെ സ്വപ്നത്തിളക്കം അതിലാണ്.
ഡോംഗ എന്നു വിളിക്കുന്ന ഈ പരന്പരാഗത വടിയുദ്ധം എത്യോപ്യൻ സർക്കാർ 1994ൽ നിരോധിച്ചതാണ്. എന്നിട്ടും പല ഗോത്രക്കാരും ഈ രീതി പിന്തുടരുന്നു.
വിജയിക്കു കിട്ടുന്ന അഭിമാനം ഈ പോരാട്ടത്തെ കൂടുതൽ മഹത്വവത്കരിക്കുന്നുണ്ട്. മത്സരം കടുക്കുന്പോൾ പല യുവാക്കൾക്കും അതിഗുരുതരമായ പരിക്കേൽക്കുകയോ ജീവൻപോലും നഷ്ടമാകുകയോ ചെയ്യുന്നു.
തല സംരക്ഷിക്കാൻ ചിലർ സ്വയം നിർമിച്ച കവചങ്ങൾ ധരിക്കാറുണ്ട്. അന്തംവിട്ട ഭീകര അടിയിൽ അതൊന്നും ഒരു സുരക്ഷയും നൽകാറില്ല.
റഫറികൾ അടി നിയന്ത്രിക്കാൻ ഉണ്ടാകുമെങ്കിലും വാശികയറിയാൽ അവർക്കൊന്നും ചെയ്യാനാകില്ല. ഒപ്പം കാഴ്ചക്കാർ പക്ഷംപിടിക്കുകകൂടി ചെയ്താൽ അപകടം ഇരട്ടിക്കും.
കാരണം അവരുടെ കൈയിൽ തോക്കുകൾ കാണും. ഇഷ്ടമില്ലാത്തവരെ വെടിവച്ചുവീഴ്ത്തിയ സംഭവംപോലും അപൂർവമല്ല.
ലക്ഷ്യം പരിശീലനം
ഉശിരുള്ളവർക്ക് വധുവിനെ സമ്മാനിക്കുക എന്നതല്ല ഈ യുദ്ധത്തിന്റെ അന്തിമലക്ഷ്യം. യുവാക്കളെ എന്തിനുംപോന്ന പോരാളികളാക്കാനാണ് ഈ കലഹം. കല്യാണം അതിനുള്ളൊരു പ്രോത്സാഹനം മാത്രം.
പ്രക്ഷുബ്ധമായ അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശമാണ് ഈ ഗോത്രം. സുരി ഗോത്രക്കാരെ തൊട്ടടുത്ത ന്യാങ്കട്ടോം ഗോത്രക്കാർ ആക്രമിക്കുക പതിവാണ്.
ചിത്രങ്ങൾ കഥ പറയുന്നു
ബാഴ്സലോണയിൽനിന്നുള്ള ഫോട്ടോഗ്രാഫർ സേവിയർ ഗിൽ താബിയോസ് ആണ് ഈ ഗോത്രക്കാർക്കിടയിലെത്തി ഏറ്റുമുട്ടൽ ഡോക്യുമെന്റ് ചെയ്തത്. മുൻകൂർ അനുമതിയില്ലാത്ത ഒരാളെയും പോരാട്ടം കാണാൻ അനുവദിക്കാറില്ല.
താബിയോസ് ഒരാഴ്ചക്കാലം സുരി ഗോത്രക്കാർക്കൊപ്പം താമസിച്ച് ഇതോടൊപ്പമുള്ള ചിത്രങ്ങൾ പകർത്തി.
രണ്ടുപേർ നേർക്കുനേർ അടിച്ചാണ് യുദ്ധം.
അവരുടെ കരുത്ത് വിളിച്ചോതുന്ന പ്രകടനം. വാശിയും പ്രതികാരവും അടിക്കു ചൂടുകൂട്ടും. ഒപ്പം വധുവിനെ സമ്മാനമായി ലഭിക്കുകയും ചെയ്യും. നേരിട്ടുള്ള അടിയിൽ തോറ്റു പിന്മാറാതെ ശേഷിക്കുന്നയാളാവും വിജയി- അദ്ദേഹം പറയുന്നു.