തളിപ്പറമ്പ്: രാഷ്ട്രീയ വൈരാഗ്യത്തിനെ തുടർന്ന് തളിപ്പറമ്പിൽ കട കത്തിച്ച കേസിൽ 14 വർഷമായി പോലീസിനെ വെട്ടിച്ചു കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ.
തളിപ്പറമ്പ് ഞാറ്റുവയൽ മുക്കോല ഹിൽ മത്ത് നഗറിലെ പൂമംഗലോറത്ത് അബ്ദുൾ റസാഖി (40) നെയാണ് ഇൻസ്പെക്ടർ എൻ. കെ.സത്യനാഥിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ് ഐ പി.സി. സഞ്ജയ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീകാന്ത്, ഇ.എൻ.പ്രകാശൻ , സിവിൽ പോലീസ് ഓഫീസർ പ്രമോദ് എന്നിവരടങ്ങിയ സംഘം അറസ്റ്റ ചെയ്തത്.
2007 ഓഗസ്റ്റ് 20 നായിരുന്നു കേസിനാസ്പദമായ സംഭവം. രാഷ്ട്രീയ വൈരാഗ്യത്തിൽ സിപി എം പ്രവർത്തകനായ തളിപ്പറമ്പിലെ സിനോദിന്റെ ഉടമസ്ഥതയിലുള്ള കടകത്തിച്ചുവെന്നാണ് കേസ്. പോലീസിന്റെ കണ്ണു വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ തളിപ്പറമ്പ് കോടതി 2017 ൽ പിടികിട്ടാപ്പുള്ളി പ്രഖ്യാപിച്ചിരുന്നു.
ഒളിവിൽ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം മാർക്കറ്റിലെത്തിയ പ്രതിയെ പോലീസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു. തളിപ്പറമ്പ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.