ടൂറിൻ: ഗോൾ എന്നു കേട്ടാൽ സ്ഫുരിക്കണം റൊണാൾഡോ എന്ന പേര് ഇനി ഹൃദയങ്ങളിൽ… അതെ, ഗോളെന്നാൽ ഇനി ഫുട്ബോൾ ലോകത്തിൽ ഒരേയൊരു പേരു മാത്രം, സിആർ7 എന്നറിയപ്പെടുന്ന പോർച്ചുഗീസുകാരനായ ക്രിസ്റ്റ്യാനൊ റൊണാൾഡോ ഡസ് സാന്റോസ് അവീരോ എന്ന ക്രിസ്റ്റ്യാനൊ റൊണാൾഡോ. ഇറ്റാലിയൻ ഫുട്ബോൾ ക്ലബ്ബായ യുവന്റസിന്റെ ഈ മുപ്പത്തഞ്ചുകാരൻ ഫുട്ബോൾ കളത്തിൽ ഗോളധിപനായി.
ചരിത്രത്തിൽ ഏറ്റവും അധികം ഗോൾ നേടുന്ന കളിക്കാരൻ എന്ന റിക്കാർഡ് കുറിച്ചതോടെ കാൽപ്പന്തു കളിയിലെ രാജാക്കന്മാരുടെ രാജാവായി റൊണാൾഡോ, 760 ഗോൾ. ഓസ്ട്രിയ-ചെക് റിപ്പബ്ലിക് താരമായിരുന്ന ജോസഫ് ബിക്കാന്റെ 759 ഗോൾ എന്ന റിക്കാർഡ് മറികടന്ന് റൊണാൾഡോ ഭൂഗോളത്തിലെ ഒന്നാം നന്പർ ആയി.
ഫുട്ബോൾ ഇതിഹാസമായ പെലെയാണു (756) മൂന്നാമത്. സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയുടെ അർജന്റൈൻ സൂപ്പർ താരമായ ലയണൽ മെസിയാണ് പട്ടികയിൽ നാലാം സ്ഥാനത്ത്, 719 ഗോൾ. റൊണാൾഡോയും മെസിയും മാത്രമാണു നിലവിൽ കളിക്കളത്തിലുള്ളത്.
ഗോളെത്തിയത് സൂപ്പർ കോപ്പയിൽ
ചരിത്രം കുറിച്ച ഗോൾ റൊണാൾഡോ സ്വന്തമാക്കിയത് ഇറ്റാലിയൻ സൂപ്പർ കോപ്പ ഫൈനലിൽ നാപ്പോളിക്കെതിരായ മത്സരത്തിൽ. ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം 64-ാം മിനിറ്റിൽ യുവന്റസിനു ലീഡ് സമ്മാനിച്ച് റൊണാൾഡോ വലകുലുക്കി.
കോർണറിനുശേഷം നാപ്പോളി താരത്തിന്റെ ശരീരത്തിൽത്തട്ടിത്തെറിച്ച പന്ത് ക്ലോസ് റേഞ്ചിൽനിന്ന് ഇടങ്കാലൻ ഷോട്ടിലൂടെ റൊണാൾഡോ വലയിലാക്കി. മത്സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ ആൽവാരൊ മൊറാട്ടയും ഗോൾ നേടിയതോടെ യുവന്റസിന്റെ കിരീട ധാരണം 2-0ന്റെ ജയത്തോടെയായി.
നാല് ക്ലബ്ബുകൾ, 658 ഗോൾ
പതിനാറാം വയസിൽ പോർച്ചുഗൽ ക്ലബ്ബായ സ്പോർട്ടിംഗ് സിപിയുടെ ബി ടീമിൽനിന്നു സീനിയർ ടീമിലേക്കു സ്ഥാനക്കയറ്റം ലഭിച്ച പ്രഗല്ഭനാണ് റൊണാൾഡോ. 2002-03 കാലഘട്ടത്തിൽ സ്പോർട്ടിംഗിനായി കളിച്ച റൊണാൾഡോയെ ഇംഗ്ലീഷ് വന്പൻ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച മാനേജരായ അലക്സ് ഫെർഗൂസൻ റാഞ്ചി.
സ്പോർട്ടിംഗുമായുള്ള സൗഹൃദ മത്സരത്തിൽ റൊണാൾഡോയുടെ മിന്നും പ്രകടനം കണ്ട് അന്തംവിട്ടായിരുന്നു അത്. കൗമാരക്കാരനായ റൊണാൾഡോയെ ലോണിൽ എടുക്കാമെന്ന് ആദ്യം വിചാരിച്ചെങ്കിലും ഫെർഗി പണമെറിഞ്ഞ് സ്വന്തമാക്കി.
2003 മുതൽ 2009വരെയുള്ള യുണൈറ്റഡ് ജീവിതത്തിനുശേഷം അക്കാലത്തെ ഏറ്റവും വലിയ ട്രാൻസ്ഫർ തുകയിലൂടെ സ്പാനിഷ് വന്പന്മാരായ റയൽ മാഡ്രിഡിൽ. 2018ൽ റയലിനോടു വിടപറഞ്ഞ് ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിൽ ചേക്കേറി.
യൂറോപ്പിലെ മൂന്ന് പ്രധാന ലീഗുകളിലും (ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയൻ) കിരീടവും റൊണാൾഡോയ്ക്ക് സ്വന്തം. നാല് ക്ലബ്ബുകൾക്കായി 658 ഗോളാണു റൊണാൾഡോ നേടിയത്.
സ്വന്തം രാജ്യത്തിനായി 102 എണ്ണവും. രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും അധികം ഗോളെന്ന റിക്കാർഡിലേക്ക് ഏഴ് ഗോൾ വ്യത്യാസം മാത്രമാണു റൊണാൾഡോയ്ക്കുള്ളത്. 109 ഗോൾ നേടിയ മുൻ ഇറാൻ താരം അലി ഡേയിയുടെ പേരിലാണ് റിക്കാർഡ്. ആ റിക്കാർഡും സിആർ7 സ്വന്തമാക്കുന്ന ദിനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ഗോൾ വേട്ടക്കാർ
റൊണാൾഡോ 760
ജോസഫ് ബിക്കാൻ 759
പെലെ 756
ലയണൽ മെസി 719
ഫ്രാങ്ക് പുഷ്കാസ് 706
ഗോൾ സീസണ്
2002-03: 5
2003-04: 8
2004-05: 16
2005-06: 15
2006-07: 28
2007-08: 46
2008-09: 27
2009-10: 34
2010-11: 56
2011-12: 69
2012-13: 59
2013-14: 62
2014-15: 66
2015-16: 57
2016-17: 56
2017-18: 54
2018-19: 31
2019-20: 48
2020-21: 23*
ആകെ: 760