ഇരിട്ടി: മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെ ആറളം വന്യജീവി സങ്കേതത്തിൽ നടത്തിയ ചിത്രശലഭ സർവേയിൽ പുതിയൊരിനം ശലഭത്തെക്കൂടി കണ്ടെത്തി. വാലൻ നീലാംബരി ശലഭത്തെയാണ് പുതുതായി കണ്ടെത്തിയത്. ഇതോടെ ആറളത്ത് കണ്ടെത്തിയ ശലഭ ഇനങ്ങളുടെ എണ്ണം 262 ആയി.
കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ പരിമിതമായ അംഗങ്ങളെ ഉൾപ്പെടുത്തി വന്യജീവി സങ്കേതത്തിലെ പൂക്കുണ്ട്, മീൻമുട്ടി, ചാവച്ചി, അമ്പലപ്പാറ, പരിപ്പുതോട്, കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ സൂര്യമുടി എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു സർവേ. ഇരുപതോളം ചിത്രശലഭ നിരീക്ഷകർ സർവേയിൽ പങ്കെടുത്തു.
ആറളം വന്യജീവി സങ്കേതം വൈൽഡ്ലൈഫ് വാർഡൻ എ. ഷജ്ന, അസി. വൈൽഡ്ലൈഫ് വാർഡൻ എൻ. അനിൽകുമാർ, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജയേഷ് ജോസഫ്, കൺസർവേഷൻ ബയോളജിസ്റ്റ് നിതിൻ ദിവാകർ, പ്രശസ്ത ചിത്രശലഭ നിരീക്ഷകരായ ബാലകൃഷ്ണൻ വളപ്പിൽ, വി.കെ.ചന്ദ്രശേഖരൻ എന്നിവർ സർവേയ്ക്ക് നേതൃത്വം നൽകി.
പീറീഡേ കുടുംബത്തിൽപ്പെട്ട ആൽബട്രോസ് ശലഭങ്ങളുടെ ദേശാടനത്തിനുപുറമെ ശലഭവൈവിധ്യങ്ങളെക്കുറിച്ചുള്ള പഠനങ്ങളും നടന്നു. കേരളത്തിൽ ഇത്രയധികം ശലഭവൈവിധ്യമുള്ള മറ്റൊരു സംരക്ഷിത വനമേഖലയും ഇല്ലെന്ന് നിരീക്ഷകർ പറഞ്ഞു.
ശലഭവൈവിധ്യം ആറളം വന്യജീവി സങ്കേതത്തിന്റെ ജൈവവൈവിധ്യം വിളിച്ചോതുന്നു. ചീങ്കണ്ണിപ്പുഴയോരത്തും ഉരുട്ടിപ്പുഴയോരത്തുമുള്ള മണൽത്തിട്ടകളിൽ ശലഭങ്ങളുടെ മഡ് പഡ്ലിംഗ് (കൂട്ടംചേരൽ) നിരീക്ഷിച്ചിട്ടുണ്ട്.
ഈ മണൽത്തിട്ടകൾ ഇവയ്ക്കാവശ്യമായിട്ടുള്ള അപൂർവ ധാതുലവണങ്ങളുടെ ശേഖരങ്ങളാണ്. അതുകൊണ്ടുതന്നെ മണൽത്തിട്ടകൾ സംരക്ഷിക്കേണ്ടതും അത്യാവശ്യമാണെന്നും സർവേസംഘം അഭിപ്രായപ്പെട്ടു.
ഈവർഷത്തെ സർവേയിൽ 161 ഇനം ചിത്രശലഭങ്ങളെയാണ് കണ്ടെത്തിയത്. സംസ്ഥാന ചിത്രശലഭമായ ബുദ്ധ മയൂരിയെയും അപൂർവമായ നീലഗിരി പാപ്പാത്തിയെയും സർവേയ്ക്കിടയിൽ നിരീക്ഷിച്ചു.
മുൻവർഷങ്ങളെ അപേക്ഷിച്ച് ആൽബട്രോസ് ശലഭങ്ങളുടെ മൈഗ്രേഷനിൽ കുറവാണ് കാണാൻ കഴിഞ്ഞത്. ആയിരത്തിലധികം വിവിധ ഇനത്തിൽപ്പെട്ട നിശാശലഭങ്ങളെ നിരീക്ഷിച്ചു.
അപൂർവങ്ങളായ അമ്പിളിക്കണ്ണൻ, കൈരളിക്കണ്ണൻ എന്നീ നിശാശലഭങ്ങളും ഇതിലുൾപ്പെടുന്നു. നിശാശലഭങ്ങളുടെ കണക്കെടുപ്പ് വരുംമാസങ്ങളിലും തുടരും