കല്ലടിക്കോട്: പാലക്കാട് കോഴിക്കോട് ദേശീയ പാതയുടെ നിർമ്മാണത്തിന്റെ ഭാഗമായി പുനർനിർമ്മിക്കുന്ന കല്ലടിക്കോട്ടെ കനാൽ പാലം അപകട ഭീതിയിൽ. പാലം വീതി കൂട്ടി നിർമ്മിക്കുന്നതിനായി പാലത്തിന്റെ നാലുഭാഗങ്ങളിലും മണ്ണെടുത്ത് കുഴികൾ തീർത്തിരിക്കുകയാണ്. പതിനഞ്ചടി വീതിയിലും 20 അടി താഴ്ചയിലുമാണ് മണ്ണുകൾ നീക്കം ചെയ്തിട്ടുള്ളത്.
നിലവിലെ കനാൽ റോഡിന്റെ പകുതിയോളവും പാലം നിർമ്മിക്കുന്നതിനായി മണ്ണ് നീക്കം ചെയ്തിട്ടുണ്ട.് രണ്ടു മാസം മുന്പ് നീക്കം ചെയ്ത സ്ഥലത്ത് ഒരു നിർമ്മാണപ്രവർത്തനങ്ങളും നടത്തിയിട്ടില്ല. റോഡിനോട് ചേർന്ന് മണ്ണു നീക്കിയ ഭാഗത്ത് അപകട മുന്നറിയിപ്പ് ബോർഡോ, ഡിവൈഡറുകളോ സ്ഥാപിച്ചിട്ടില്ല.
പലപ്പോഴും വാഹനങ്ങൾ തൊട്ടടുത്തെത്തുന്പോൾ മാത്രമാണ് ആഴത്തിലുള്ള കുഴി കാണുക. വാഹനങ്ങൾ പെട്ടെന്ന് ബ്രേയ്ക്ക് ചെയ്ത് നിർത്തുന്നത് അപകടങ്ങൾക്കിടയാക്കുന്നു. കഴിഞ്ഞ ദിവസം പാലക്കാടു ഭാഗത്തു നിന്നും വന്ന ബൈക്ക് കനാൽ റോഡിലേയ്ക്ക് തിരിച്ചപ്പോൽ നിയന്ത്രണം വിട്ട് മണ്ണെടുത്ത കുഴിയിലേയ്ക്ക് തെന്നി പോയെങ്കിലും ഓടിച്ചിരുന്ന ആൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
റോഡിന്റെ പകുതി ഭാഗത്തോളം മണ്ണ് എടുത്ത് കുഴിയായിട്ടുണ്ട്. ഭാരം കയറ്റിയ ലോറികളൂം കാറുകളും ഈ ഭാഗത്തൂ കൂടെ കടന്നു പോകുന്പോൾ മണ്ണ് ഇടിയുന്നതും റോഡ് ഇളകുന്നതും പതിവാണ്.
പാലത്തിന്റെ നിർമ്മാണം വേഗം പുനരാരംഭിച്ച് പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കനാൽ പാലം നിർമ്മിക്കുന്നതിനായി കൂറ്റൻ ബീമുകൾ റോഡരുകിൽ തയ്യാറാക്കിവെച്ചിട്ട് ആഴ്ചകളായി. പാലം പണിയുടെ ഒരു നീക്കവും കാണാനുമില്ല.