ഗാന്ധിനഗർ: 15വയസുള്ള പെൺകുട്ടി മൂന്നു മണിക്കൂർ പോലീസിനെ വട്ടംകറക്കി. അവസാനം പെണ്‍കുട്ടി പറഞ്ഞത് കളവാണെന്ന് ബോധ്യപ്പെട്ടതോടെ, വനിതാ പോലീസ് പെണ്‍കുട്ടിയെ ഗുണദോഷിച്ച് പറഞ്ഞയച്ചു. ഇന്നലെ രാവിലെ ഒന്‍പതിന് ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
മെഡിക്കൽ കോളജിന് തൊട്ടടുത്ത ഒരു ജംഗ്ഷനു സമീപത്തെ റോഡിൽ രണ്ടു ബൈക്കുകളിലായി അഞ്ചു യുവാക്കളെത്തി പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടു പോകുവാനും കടന്നുപിടിക്കുവാനും ശ്രമിച്ചുവെന്ന ഫോണ്‍ സന്ദേശം ഗാന്ധിനഗർ പോലീസിന് ലഭിക്കുന്നു.
സന്ദേശം ലഭിച്ച ഉടൻ ഈ പ്രദേശം ലക്ഷ്യമാക്കി പോലീസ് പാഞ്ഞെത്തി. റോഡുകൾ അരിച്ചുപെറുക്കിയെങ്കിലും പെണ്‍കുട്ടി പറഞ്ഞ വിധത്തിലുള്ള യുവാക്കൾ വന്നതായി ലക്ഷണങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് പെണ്‍കുട്ടിയോട് വീണ്ടും പോലീസ് കാര്യങ്ങൾ ആരാഞ്ഞു.
സംഘം ബൈക്കിലെത്തിയപ്പോൾ ഇതു വഴി പ്രായാധിക്യമുള്ള ഒരാൾ വെള്ള ഷർട്ടും മുണ്ടും ധരിച്ച് കടന്നുപോയിയെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതിനെതുടർന്ന് സമീപത്തെ ചില വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
പിന്നീട് സമീപത്തെ ഒരു ഷാപ്പിലുള്ള സിസിടിവി പരിശോധിച്ചപ്പോൾ വെള്ള ഷർട്ടും മുണ്ടും ധരിച്ച പ്രായാധിക്യമുള്ള ഒരാൾ റോഡുവഴി നടന്നു പോകുന്നതായി കണ്ടെത്തി. പോലീസ് അദ്ദേഹത്തെ തേടിയെത്തി വിവരങ്ങൾ ആരാഞ്ഞു. ഈ പറഞ്ഞ സമയം റോഡിൽ ബൈക്കുകൾ വന്നില്ലെന്ന് ഇദ്ദേഹം പറഞ്ഞു.
ഇതിനിടയിൽ ഡിവൈഎസ്പി ശ്രീകുമാർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെത്തി അന്വേഷണം ഉൗർജിതപ്പെടുത്തി. കോട്ടയത്തുനിന്നും വനിതാ എസ്ഐയെ ഗാന്ധിനഗർ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയശേഷം, ഇവരെക്കൊണ്ട് പെണ്‍കുട്ടിയോട് വീണ്ടും കാര്യങ്ങൾ അന്വേഷിപ്പിച്ചു.
അപ്പോഴാണ് രണ്ടു യുവാക്കളോട് ഒരേ സമയം പെണ്‍കുട്ടിക്ക് പ്രണയം ഉണ്ടെന്നും, അതിൽ ഒരാളുമായി വാക്ക് തർക്കം ഉണ്ടാകുകയും, തുടർന്ന് ഒരു യുവാവ് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു. പരസ്പര വിരുദ്ധമായ നുണകൾ പറഞ്ഞ് പോലീസിനെ ബുദ്ധിമുട്ടിച്ച പെണ്‍കുട്ടിയെ അവസാനം ഗുണദോഷിച്ചു വിട്ടയച്ചു.