ചങ്ങനാശേരി: ചങ്ങനാശേരിയിൽ പുതുതായി രൂപംകൊണ്ട ഗുണ്ട സംഘത്തിന്റെ പേരാണ് ‘ഞങ്ങൾ പൈലിയുടെ പിള്ളേർ’. ക്വട്ടേഷൻ എടുത്ത് വിവിധ സ്ഥലങ്ങളിൽ ആക്രമണങ്ങൾ നടത്തുന്പോൾ ഗുണ്ടാ സംഘത്തിൽപ്പെട്ടവർ ഞങ്ങൾ പൈലിയുടെ പിള്ളേരാടാ എന്ന് പറഞ്ഞിരുന്നു.
ആക്രമണങ്ങൾ നേരിട്ടുകണ്ട ചിലർ ഇക്കാര്യങ്ങൾ പോലീസിനെ അറിയിച്ചിരുന്നു. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് പൈലിയുടെ പിള്ളേർ എന്ന പേരിൽ ക്വട്ടേഷൻ സംഘം പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്.
മോർക്കുളങ്ങരയിൽ മത്സ്യവ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഗുണ്ടാനേതാവ് തൃക്കൊടിത്താനം കടമാൻചിറ സ്വദേശി അനീഷ്കുമാർ (പൈലി അനീഷ്- 38) ആണ് സംഘത്തിന്റെ തലവൻ. ഇതിനാലാണ് ക്വട്ടേഷൻ സംഘത്തിനു ഞങ്ങൾ പൈലിയുടെ പിള്ളേർ എന്ന പേരിട്ടത്. അടുത്ത കാലത്ത് ചങ്ങനാശേരി, തൃക്കൊടിത്താനം മേഖലകളിൽ രൂപമെടുത്ത ക്വട്ടേഷൻ സംഘമാണിത്.
‘വർക്ക് ’ഉണ്ട്, വരുന്നോ ?
പൈലിയുടെ പിള്ളേർ എന്ന പേരിൽ ഇവരുടെ വാട്ട്സാപ്പ് ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നതായും കൂലിത്തല്ല്, അക്രമം, വെട്ട് തുടങ്ങി വിവിധ വിഷയങ്ങൾ ഈ വാട്ട്സാപ്പ് ഗ്രൂപ്പിലൂടെയാണ് പൈലി അനീഷും സംഘവും ക്രമീകരിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളായവർ പോലീസിന്റെ നിരീക്ഷണത്തിലാണ്.
മറ്റു ചില വാട്സ് ആപ്പ് ഗ്രൂപ്പുകൾ കൂടി പൈലി അനീഷ് കൈകാര്യം ചെയ്തിരുന്നു. ക്വട്ടേഷൻ ഗുണ്ടാ ആക്രമണങ്ങൾക്ക് ആളുകളെ സംഘടിപ്പിക്കുന്നത് ഈ ഗ്രുപ്പുകളിലുടെയായിരുന്നു. ഗ്രൂപ്പിലൂടെ ലഭിച്ചിരിക്കുന്ന ക്വട്ടേഷന്റെ വിവരം പങ്കുവയ്ക്കുന്നതോടെ പൈലിക്കൊപ്പം ഈ അക്രമത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ വിവരമറിയിക്കും.
ലഭിച്ചിരിക്കുന്ന ക്വട്ടേഷന് ആവശ്യമുള്ള അംഗങ്ങൾ എത്തിക്കഴിഞ്ഞാൽ വർക്കിന് ആളുകൾ ഒക്കെയായി എന്ന സന്ദേശവും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും. പെട്ടെന്ന് ഏതെങ്കിലും ക്വട്ടേഷനോ അക്രമത്തിനോ സംഘങ്ങളെ ആവശ്യമായി വന്നാലും ഇതേ രീതിയിൽ ഗ്രൂപ്പിൽ സന്ദേശമയയ്ക്കുകയാണ് പതിവ്.
അക്രമത്തിനുശേഷം എല്ലാവരും ഒളിവിൽ പോകുകയാണ് പതിവ്. പൈലിക്കു ചങ്ങനാശേരിയിലും പരിസര പ്രദേശങ്ങളിലുമായി യുവാക്കളുടെ വൻ സംഘം തന്നെ സഹായത്തിനുണ്ടെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
ക്വട്ടേഷൻ ആക്രമണങ്ങൾ നടത്തിയതിനുശേഷം കേസുകളിൽപ്പെടാതെ രക്ഷപ്പെടുന്ന രീതിയിലായിരുന്നു സംഘത്തിന്റെ ആസൂത്രണങ്ങളെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പല ക്വട്ടേഷൻ കേസുകളിലും പൈലി അനീഷ് നേരിട്ട് ഇടപെടലുകൾ നടത്താറില്ലായിരുന്നുവെന്നും പോലീസ് പറയുന്നു. മത്സ്യ വ്യാപാരിയെ വെട്ടി കേസിലെ പ്രതികളെ പിടികൂടിയ പോലീസ് സംഘം തന്ത്രപരമായി നടത്തിയ അന്വേഷണത്തിലാണ് പൈലിയുടെ പങ്ക് കണ്ടെത്താൻ കഴിഞ്ഞത്.
സെപ്റ്റിക് ടാങ്ക് ക്ലീനിംഗ്
കക്കൂസിന്റെ സെപ്റ്റിക് ടാങ്കുകൾ ക്ലീൻ ചെയ്യുന്ന ജോലികൾ കരാർ ഏറ്റെടുത്തിരുന്ന പൈലിയും സംഘവും ഈ മാലിന്യം ചങ്ങനാശേരി ബൈപാസ് ഉൾപ്പെടെയുള്ള സ്ഥലത്ത് പതിവായി നിക്ഷേപിച്ചിരുന്നതായും പോലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ മറവിലാണ് ക്വട്ടേഷൻ സംഘം പ്രവർത്തിച്ചിരുന്നത്.
കുറച്ചു നാളുകൾക്കു മുന്പും പോലീസിന് ഈ സംഘത്തെക്കുറിച്ചു വിവരം ലഭിച്ചിരുന്നവെങ്കിലും അന്വേഷണം നടത്തിയപ്പോൾ ഇവർ സെപ്റ്റിക് ടാങ്കുകൾ ക്ലീനിംഗ് നടത്തുന്നവരാണെന്നാണ് കണ്ടെത്തിയത്. പലപ്പോഴും ക്വട്ടേഷൻ അക്രമങ്ങൾക്കു പോകുന്പോൾ പോലീസ് പിടികൂടുന്പോൾ സെപ്റ്റിക് ടാങ്കുകൾ ക്ലീൻ ചെയ്യാനാണ് പോകുന്നതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞിരുന്നത്.