ക്യാപ്റ്റൻ എന്ന ചിത്രത്തിന് ശേഷം ജയസൂര്യ-പ്രജേഷ് സെൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ വെള്ളം എന്ന സിനിമ ഇന്നു തിയറ്ററുകളിലെത്തി. മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് ചിത്രം പറയുന്നത്.
സിനിമയോടും കഥാപാത്രങ്ങളോടും നൂറു ശതമാനം നീതി പുലർത്തണം എന്ന നിർബന്ധമുള്ള നടനാണ് ജയസൂര്യ എന്നാണ് സംവിധായകൻ പറയുന്നത്. ഒരഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്.
ക്യാപ്റ്റൻ സിനിമയിൽ ജയസൂര്യയുടെ കഥാപാത്രം ഒരു പൊലീസ് ക്യന്പിലെ ടോയ്ലെറ്റ് വൃത്തിയാക്കുന്ന സീനുണ്ട്. അത് ഷൂട്ട് ചെയ്യാനായി ആദ്യം സെറ്റിട്ടിരുന്നു.
എന്നാൽ ഇതെന്തിനാണ് എന്നാണ് ജയസൂര്യ ചോദിച്ചത്. യഥാർഥ ടോയ്ലെറ്റ് തന്നെ വൃത്തിയാക്കിക്കോളാം എന്ന് പറയുകയും പൊലീസ് ക്യാന്പിലെ ടോയ്ലെറ്റ് തന്നെ വൃത്തിയാക്കി ആ സീൻ എടുക്കുകയായിരുന്നു.
അതുപോലെ വെള്ളം സിനിമയിൽ ആശുപത്രിയുടെ തറയിൽ വീണ് സ്പിരിറ്റ് നാക്ക് കൊണ്ട് നക്കിയെടുക്കുന്ന സീനുണ്ട്. ഫ്ളോർ സെറ്റിടാം എന്ന് പറഞ്ഞെങ്കിലും ജയസൂര്യ സമ്മതിച്ചില്ല. ആശുപത്രിയിലെ ഫ്ളോറിൽ തന്നെയാണ് ആ സീൻ ചിത്രീകരിച്ചത്- പ്രജേഷ് സെൻ പറയുന്നു.
സംയുക്ത മേനോൻ, സ്നേഹ പാലിയേരി, സിദ്ധിഖ്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആന്റണി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബി ശ്രീലക്ഷ്മി തുടങ്ങിയവർക്കൊപ്പം മുപ്പതോളം പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. -പിജി