സ്വന്തം ലേഖകന്‍
കോഴിക്കോട്: സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാനഘടകം നല്കിയ പേരുകളില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. പൊതു സമ്മതരുടെ പേരുകള്‍ സംസ്ഥാന നേതൃത്വം നിര്‍ദേശിക്കാതെ പരിചിതമായ മുഖങ്ങള്‍ അയച്ചതാണ് കേന്ദ്രനേതൃത്വത്തെ ചൊടിപ്പിച്ചത്.
ഔദ്യോഗികമായി ചര്‍ച്ചകളിലേക്ക് കടന്നില്ലെങ്കിലും രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പൊതുസമ്മതരെ നിര്‍ത്താനാണ് കേന്ദ്ര നേതൃത്വത്തിന് താത്പര്യം. എന്നാല്‍ സംസ്ഥാന നേതൃത്വമാകട്ടെ നേതാക്കളുടെ വീതം വയ്പ് എന്നനിലയിലാണ് കാര്യങ്ങള്‍ നീക്കിയത്. ഇക്കാര്യത്തില്‍ ആര്‍എസ്എസ് കടുത്ത എതിര്പ്പുയര്ത്തികഴിഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജെ.പി. നദ്ഡ ഉടന്‍ കേരളത്തില്‍ എത്തുമെന്നാണ് അറിയുന്നത്. പൊതുസമ്മതരെ കണ്ടെത്താന്‍ സംസ്ഥാന നേതൃത്വത്തിന് കഴിയാത്തത് വലിയ അവമതിപ്പാണ് കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ഉണ്ടാക്കിയിരിക്കുന്നത്.
മറ്റ് പാര്‍ട്ടികളില്‍ നിന്നും അണികളുടെ പിന്തുണയുള്ള നേതാക്കളെ അടര്‍ത്തിമാറ്റുക എന്ന ഉത്തരേന്ത്യന്‍ തന്ത്രം കേരളത്തില്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്ന ബോധ്യമാണ് ഇതുവഴി കേന്ദ്ര നേതൃത്വത്തിന് ഉണ്ടായിരിക്കുന്നത്. ഇതിനൊപ്പം പൊതുസമ്മതരും ബിജെപി സംസ്ഥാന നേതാക്കളോട് പുറം തിരിഞ്ഞുനില്ക്കുന്നു.
ഉള്ളതു പറഞ്ഞ് മേജർ രവി
നേരത്തെ ബിജെപികേന്ദ്ര നേതൃത്വവുമായി അടുപ്പം വച്ചപുലര്ത്തിയിരുന്ന സംവിധായകന് മേജര്‍ രവി കടുത്ത ഭാഷയിലാണ് ബിജെപി സംസ്ഥാന നേതാക്കളെ വിമര്‍ശിച്ചത്.
ഈ സാഹചര്യത്തില്‍ പൊതു സമ്മതരെ ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ നിര്‍ത്തുക എന്ന കേന്ദ്ര നിര്‍ദേശം ആളില്ലാത്തതിനാല്‍ ഉപേക്ഷിക്കേണ്ട അവസ്ഥയാണ്. സ്ഥാനാര്‍ഥിയാക്കിയില്ലെങ്കിലും വേണ്ടില്ല ദേശീയ അധ്യക്ഷനുമുന്നില്‍ നിര്‍ത്താനെങ്കിലും ഒരാളെ കിട്ടിയാല്‍ മതിയെന്ന ചിന്തയാണ് സംസ്ഥാന നേതാക്കള്‍ക്ക്.
പേരിനു പോലും!
മലബാറില്‍ ഒരാളുടെ പേരുപോലും കേന്ദ്രനേതൃത്വത്തിന് മുന്നില്‍ വയ്ക്കാന്‍ ബിജെപി സംസ്ഥാന ഘടകത്തിനായിട്ടില്ല. സിനിമാരംഗത്തുനിന്നുള്ള പേരുകള്‍ സുരേഷ് ഗോപിയിലും കൃഷ്ണകുമാറിലും നിന്നുകഴിഞ്ഞു.
ഇതില്‍ കേന്ദ്രനേതൃത്വം കടുത്ത അമര്‍ഷത്തിലാണ്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിഞ്ഞജേക്കബ് തോമസിനും ടി.പി.സെന്കുമാറിനുമാകട്ടെ എത്രത്തോളം വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുമെന്നകാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് പോലും ഒരുറപ്പില്ല.