പത്തനംതിട്ട: പതിറ്റാണ്ടുകളുടെ പാര്‍ലമെന്ററി ജീവിതത്തിനുടമകളായ കോൺഗ്രസിലെ പല സീനിയര്‍ നേതാക്കളും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസാന ശ്രമത്തിൽ. സീറ്റ് തന്നില്ലെങ്കില്‍ ഇടതുപക്ഷത്തോ ബിജെപിയിലോ ഒക്കെ ചേരുമെന്നാണു പലരുടെയും ഭീഷണി.
കെ.വി. തോമസിനു പിന്നാലെ മറ്റു ചില പ്രമുഖ സീനിയര്‍ നേതാക്കളും ഭീഷണി മുഴക്കിയിരിക്കുന്നതായി പറയുന്നു. എന്‍സിപി നേതാവ് ശരദ് പവാറുമായി ഇപ്പോഴും ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന മറ്റൊരു നേതാവ് വീണ്ടും പഴയ ലാവണത്തിലേക്കു മടങ്ങുന്നുവെന്നു പ്രചാരണമുണ്ടായി. എന്നാല്‍, അദ്ദേഹം തന്നെ ഇതു നിഷേധിച്ചു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ആഗ്രഹിച്ചിരുന്ന ഇവരെയെല്ലാം ഹൈക്കമാന്‍ഡും തഴഞ്ഞതാണ് ഇപ്പോള്‍ പ്രകോപനത്തിനു കാരണമായിട്ടുള്ളത്. ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന നേതാക്കള്‍ക്കു തിരികെ സംസ്ഥാന രാഷ്ട്രീയത്തിലേക്കു മടങ്ങാന്‍ മോഹമുണ്ടെങ്കിലും പുതുമുഖങ്ങള്‍ക്കു പ്രാധാന്യമെന്ന പുതിയ നിലപാട് ഇവര്‍ക്കു തടസമാകുന്നുണ്ട്.
സീറ്റ് കിട്ടിയേ തീരൂ!
മധ്യതിരുവിതാംകൂറില്‍നിന്നുള്ള മറ്റൊരു നേതാവിന് ഇക്കുറി നിയമസഭ സീറ്റ് കൂടിയേ തീരൂവെന്നു വ്യക്തമാക്കിയിട്ടുണ്ട്. നാലു പതിറ്റാണ്ടിന്റെ പാര്‍ലമെന്ററി ജീവിതമുള്ള ഇദ്ദേഹത്തെ കഴിഞ്ഞ രാജ്യസഭ തെരഞ്ഞെടുപ്പില്‍ വെട്ടി മറ്റൊരു ഘടകകക്ഷി നേതാവിനു സീറ്റു നല്കിയതും ആ വഴി സീറ്റ് യുഡിഎഫിനു നഷ്ടമാകുകയും ചെയ്തതിന്റെ പ്രായശ്ചിത്തമായാണ് നിയമസഭ സീറ്റ് ചോദിച്ചിരിക്കുന്നത്. ഘടകകക്ഷിയുടെ കൈവശമുള്ള ഒരു സീറ്റാണ് ലക്ഷ്യം.
ഇതിനിടെ വിലപേശല്‍ മുറുകുന്നതിനിടെ നേതാവ് സിപിഎം അഖിലേന്ത്യ നേതാക്കളുമായി ബന്ധപ്പെട്ടതിന്റെ കഥകളും പുറത്തുവന്നു. എല്‍ഡിഎഫ് പിന്തുണയോടെ മധ്യതിരുവിതാംകൂറിലെ ഒരു മണ്ഡലത്തില്‍ സ്വതന്ത്രനായി സീറ്റ് വേണമെന്നതായിരുന്നു ആവശ്യം. കേന്ദ്ര നേതാക്കള്‍ ആദ്യം താത്പര്യം കാട്ടിയെങ്കിലും സംസ്ഥാന നേതാക്കള്‍ ഇതിനോടു യോജിച്ചില്ല.
ഇടതിനു വേണ്ട
നേതാവിനെ വേണ്ട എന്ന് അവര്‍ തീര്‍ത്തു പറയുകയും ചെയ്തു. സമീപകാലത്ത് എല്‍ഡിഎഫ് വന്‍ മുന്നേറ്റം നടത്തിയിട്ടുള്ള ജില്ലയില്‍ നേതാവിനെ കൊണ്ടുവരുന്നതുകൊണ്ട് പ്രയോജനമുണ്ടാകില്ലെന്നാണ് നേതാക്കളുടെ അഭിപ്രായം. ഇതോടെ ഇടതുപക്ഷ പ്രവേശനം എന്ന ലക്ഷ്യം അടഞ്ഞ മട്ടാണ്. തുടര്‍ന്നാണ് കോണ്‍ഗ്രസിനുള്ളില്‍ തന്നെ സമ്മര്‍ദം ശക്തമാക്കുന്നത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പു സമയത്തും ഇതേ നേതാവ് പാര്‍ട്ടി വിടുമെന്ന ശ്രുതി കോണ്ഗ്രസിലുണ്ടായതാണ്. അന്നു ബിജെപിയിലേക്കു മാറുന്നുവെന്ന പ്രചാരണമാണ് ശക്തമായത്. എന്നാല്‍, പാര്‍ട്ടിയിലെ തന്റെ ശത്രുക്കളാണ് ഇത്തരം പ്രചാരണത്തിനു പിന്നിലെന്നും താനിപ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ശക്തനായ പ്രവര്‍ത്തകനാണെന്നും സീറ്റിനുവേണ്ടി ആരെയും സമീപിച്ചിട്ടില്ലെന്നുമാണ് നേതാവ് അടുത്ത അനുയായികളോടും വ്യക്തമാക്കിയിട്ടുള്ളത്.
ഹൈക്കമാൻഡിൽ നേരത്തെ വലിയ പിടിയുണ്ടായിരുന്ന മറ്റൊരു നേതാവും കുറെ നാളായി ഉടക്കിലാണ്. പാർലമെന്റ് സമിതികളിലൊക്കെ സജീവമായിരുന്ന നേതാവ് സീറ്റ് കിട്ടിയില്ലെങ്കിൽ മറുകണ്ടം ചാടുമെന്നാണ് പ്രചാരണം.