ശ്വാസം പിടിച്ചു വയ്ക്കുന്നത് കോവിഡ് ബാധയ്ക്കുള്ള സാധ്യത കൂട്ടുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. മദ്രാസ് ഐഐടിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് കോവിഡ് വ്യാപനം സംബന്ധിച്ച പുതിയ കണ്ടെത്തല്‍.
പ്രതിമാസ ശാസ്ത്ര ജേണലായ ഫിസികിസ് ഓഫ് ഫ്ളൂയിഡില്‍ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്വാസകോശത്തിന്റെ ഉള്ളറകളിലേക്ക് വൈറസ് വഹിക്കുന്ന സ്രവ കണങ്ങളെ എത്തിക്കുന്ന പ്രക്രിയ ശ്വസന ആവൃത്തി കുറയുന്നത് അനുസരിച്ച് വര്‍ധിക്കുന്നു എന്നതാണ് പഠനത്തിലെ കണ്ടെത്തല്‍.
അതായത്, ശ്വാസം പിടിച്ചു വയ്ക്കുന്നതിലൂടെ ശ്വാസകോശത്തിനുള്ളില്‍ വൈറസിന് നിലനില്‍ക്കാനുള്ള സാധ്യത വര്‍ധിക്കുന്നു. പതിവു ശ്വാസകോശ രോഗങ്ങളെക്കുറിച്ചുള്ള അറിവു മാത്രമുള്ള നമ്മുടെ മുന്നില്‍ വലിയ വെല്ലുവിളിയാണ് കോവിഡ് സൃഷ്ടിച്ചത്.
ശ്വാസകോശത്തിന്റെ ഉള്ളറകളിലേക്കു വൈറസ് എങ്ങനെയാണ് കടന്നു ചെല്ലുന്നതെന്ന് വ്യക്തത വരുത്താന്‍ കഴിഞ്ഞതായും പഠനത്തിനു നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി.
ശ്വാസം പിടിച്ചു നിര്‍ത്തുമ്പോള്‍ ശ്വാസോച്ഛാസം തടസ്സപ്പെടുന്നതു വഴി വൈറസ് ശ്വാസകോശത്തില്‍ അടിഞ്ഞു കൂടുന്ന സാഹചര്യം വര്‍ധിക്കുമെന്നാണ് കണ്ടെത്തല്‍.
ശ്വാസം പിടിച്ചുവെക്കുന്നതിലൂടെ, വൈറസ് സ്രവകണങ്ങളുടെ ശ്വാസകോശത്തിലേക്കുള്ള ഒഴുക്ക് എത്ര കണ്ടു വര്‍ധിക്കുന്നു എന്നും ഇതെങ്ങനെ ശ്വാസകോശത്തില്‍ വൈറസ് അടിഞ്ഞുകൂടാന്‍ ഇടയാക്കുന്നു എന്നും മനസ്സിലാക്കാന്‍ സഹായിച്ചതായി ശാസ്ത്രജ്ഞര്‍ പറയുന്നു.