കൊച്ചി: പുലി വരുന്നേ പുലി എന്നത് ഓര്‍മപ്പെടുത്തുന്ന തരത്തിലാണ് സോളാര്‍ കേസില്‍ പിണറായി സര്‍ക്കാരിന്റെ നടപടിയെന്നും തെരഞ്ഞെടുപ്പുകളില്‍ കൃത്യമായി എത്തുന്ന പുലിയായി സോളാര്‍ കേസ് മാറുകയാണെന്നും ഹൈബി ഈഡന് എംപി.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതു നിമിഷവും പ്രതീക്ഷിച്ചു നില്ക്കുന്ന സമയത്ത് സോളാര്‍ കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് സ്വര്‍ണക്കടത്തും അഴിമതിയും സ്വജനപക്ഷപാതാവും ഉള്‍പ്പടെയുള്ള രാഷ്ട്രീയ വിഷയങ്ങളില്‍ നിന്നു ഒളിച്ചോടാന്‍ വേണ്ടിയുള്ള രാഷ്ട്രീയ പാപ്പരത്തമാണെന്നും അദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം പുറത്തു വന്ന പൊതു മേഖല സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ ഒരാളെ മുന്‍ നിര്‍ത്തി സര്‍ക്കാര്‍ കളിക്കുന്ന രാഷ്ട്രീയം ലജ്ജാകരമെന്നേ പറയാന്‍ പറ്റൂ. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് നാളുകള്‍ മുന്‍പാണ് കേസില്‍ എഫ്ഐആര്‍ ഇട്ടത്.
ഇപ്പോള്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ അടുത്ത തന്ത്രവുമായി സര്‍ക്കാരെത്തി. കൃപേഷിന്റേയും ശരത് ലാലിന്റെയും കുടുംബം നിറകണ്ണുകളുമായി മുഖ്യമന്തിയോട് അഭ്യര്‍ഥിച്ചിട്ടും അത് വക വയ്ക്കാതെ കൊലപാതകം സിബിഐ അന്വേഷിക്കാതിരിക്കാന്‍ സുപ്രീം കോടതി വരെ പോയി ലക്ഷങ്ങള്‍ ചിലവാക്കിയ സര്‍ക്കാര്‍ ഇപ്പോള്‍ സിബിഐക്ക് പിന്നാലെ പോകുന്നു,
ഇത്തരം ഹീനമായ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പൊതു ജനം മറുപടി നല്‍കിയത് കോണ്‍ഗ്രസിന് ലക്ഷക്കണക്കിന് വോട്ടിന്റെ ഭൂരിപക്ഷം നല്കി കൊണ്ടാണ്. നേരില്‍ ജനങ്ങളോട് വോട്ട് ചോദിക്കാന്‍ കഴിയാത്തവര്‍ തട്ടിപ്പുകാരേയും മറ്റും മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനിറങ്ങാന്‍ പോകുന്നു.
തട്ടിപ്പുകാരിയുടെ സാരിത്തുമ്പില്‍ പിടിച്ച് തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുന്ന ഗതികേടിലേക്ക് ഇടതുമുന്നണി കുപ്പു കുത്തിയിരിക്കുന്നു.
കേരളത്തിലെ പൊതു സമൂഹം ഇത് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും ഹൈബി ഈഡന് പറഞ്ഞു.