അങ്കമാലി: ദേശീയപാത തൃശൂർ റോഡിൽ കോതകുളങ്ങരയിലെ അശാസ്ത്രീയ യു ടേൺ വൻ അപകട സാധ്യത സൃഷ്ടിക്കുന്നതായി നാട്ടുകാരുടെ പരാതി. യാതൊരുവിധ മുന്നറിയിപ്പോ സൂചന ബോർഡോ ഇല്ലാതെയാണ് ഇവിടെ യു ടേൺ സ്ഥാപിച്ചിരിക്കുന്നത്.
കുറച്ചു നാൾ മുൻപ് ഇവിടെ യു ടേൺ സൂചനയായി ബ്ലിങ്കർ ലൈറ്റ് സ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോൾ ഇത് പ്രവർത്തന രഹിതമാണ്.
ഇവിടുത്തെ മീഡിയന് മൂന്ന് അടിയോളം മാത്രം വീതിയുള്ളതിനാൽ യു ടേൺ തിരിയേണ്ട വാഹനങ്ങൾ ഒതുക്കി നിർത്തുന്നതിനായി സ്ഥലം നിർമിക്കാനും സാധ്യമല്ല. ഇരുവശത്തുംനിന്നു വരുന്ന വാഹനങ്ങൾ സിഗ്നൽ കഴിഞ്ഞു വരുന്നതിനാൽ സാമാന്യം വേഗതയിലാണ് ഈ ഭാഗത്ത് സഞ്ചരിക്കുന്നത്.
അതിനാൽ തന്നെ യു ടേൺ തിരിയേണ്ട വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഈ ഭാഗത്ത് നിത്യ സംഭവമാണ്. സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഇതിലൂടെ യു ടേൺ തിരിയുമ്പോൾ ഗതാഗതക്കുരുക്കും പതിവാണ്.
ഇവിടുത്തെ യു ടേൺ ഒഴിവാക്കി ഗതാഗതം സുഗമമാക്കുന്നതിന് വേണ്ടി അഞ്ചു വർഷം മുൻപ് കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ നേതൃത്വത്തിൽ യു ടേണിൽ നിന്നും 50 മീറ്റർ അകലെയായി കരയാംപറമ്പ് പാലത്തിന് അടിയിലൂടെ അടിപ്പാത നിർമിച്ചിരുന്നു.
എന്നാൽ ഈ അടിപ്പാതക്ക് സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടില്ലാത്തതിനാലുംഅടിപ്പാതയുടെ തുടക്കത്തിൽ റോഡിനു വീതി കുറവായതിനാലും അടിപ്പാത ആരും ഉപയോഗിക്കാറില്ല.
ഇപ്പോൾ നിരവധി ഭാരവാഹനങ്ങൾ ഈ അടിപ്പാത അനധികൃതമായി പാർക്കിംഗിനായി ഉപയോഗിക്കുകയാണ്. ആരും ഗതാഗതത്തിനായി ഉപയോഗിക്കാത്തതിനാൽ അടിപ്പാതയുടെ വശങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതും പതിവാണ്.
കോതകുളങ്ങരയിലെ യു ടേൺ അടച്ചുകെട്ടി മീഡിയൻ നിർമിക്കണമെന്നും കരയാംപറമ്പിലെ അടിപ്പാത നവീകരിച്ച് അടിപ്പാതയുടെ പ്രവേശന ഭാഗത്ത് വീതി കൂട്ടണമെന്നും സൂചന ബോർഡുകൾ സ്ഥാപിക്കണമെന്നും അടിപ്പാതയിലെ അനധികൃത പാർക്കിംഗിനെതിരെ നടപടിയെടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.