തൊടുപുഴ: മലയോര ജനതയുടെ മനസിൽ ആശങ്കയുണർത്തിയ ഭൂ പ്രശ്നങ്ങൾക്കും വന്യജീവി ആക്രമണം മൂലം കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്കും നിർമാണ നിരോധനം മൂലം കുടിയേറ്റ ജനത അനുഭവിക്കുന്ന ദുരിതങ്ങൾക്കും പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ജില്ലയിലെ കേരള പര്യടന പരിപാടിയുടെ ഭാഗമായി തൊടുപുഴ മാടപ്പറന്പിൽ റിസോർട്ടിൽ നടന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ജില്ലയിലെ ജനങ്ങൾ നേരിടുന്ന ഏറ്റവു രൂക്ഷമായ ഭൂ പ്രശ്നം പരിഹരിക്കുന്നതിന് 1964-ലെ 93ലെയും ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ നടപടി തുടങ്ങിയതായും ഇക്കാര്യത്തിൽ വേഗത്തിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളിൽ 570 എണ്ണം പൂർത്തിയാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.കേരളം നടപ്പാക്കിയ ആർദ്രം, ഹരിതകേരളം, ശുചിത്വം, പൊതുവിദ്യാഭ്യാസ സംരക്ഷണം, ലൈഫ് മിഷൻ എന്നിവ ലോകശ്രദ്ധ നേടിയെടുത്തതായും അദ്ദേഹം പറഞ്ഞു. മന്ത്രി എം. എം. മണി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
എംഎൽഎമാരായ റോഷി അഗസ്റ്റിൻ, എസ്.രാജേന്ദ്രൻ, മുൻ എംപി ജോയ്സ് ജോർജ്, മുൻ എംഎൽഎ കെ.കെ. ജയചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ്, എൽഡിഎഫ് ജില്ലാ കണ്‍വീനർ കെ.കെ. ശിവരാമൻ തുടങ്ങിയവർ പങ്കെടുത്തു.