കാസര്‍ഗോഡ്: സർക്കാർ ഹോസ്റ്റലിലെ ജീവനക്കാരുടെ ശന്പളം പോലും നൽകേണ്ട ഗതികേടിൽ ഉദയഗിരി സർക്കാർ വനിതാ ഹോസ്റ്റലിലെ താമസക്കാർ.
മറ്റിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് താമസസൗകര്യം ലഭിക്കുന്ന കാര്യത്തില്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരുന്ന കാസര്‍ഗോഡ് നഗരത്തില്‍ ഒരുവര്‍ഷം മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഒരു വനിതാ ഹോസ്റ്റല്‍ ആരംഭിച്ചപ്പോള്‍ ഇതരജില്ലകളില്‍ നിന്നെത്തി കളക്ടറേറ്റിലും മറ്റും ജോലിചെയ്യുന്ന വനിതാ ജീവനക്കാര്‍ ഏറെ സന്തോഷിച്ചതായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഓരോ മാസത്തെയും താമസച്ചെലവ് കാണുമ്പോള്‍ സ്വന്തമായി ഒരു സ്വകാര്യ ഫ്ളാറ്റെടുത്ത് കഴിയുകയായിരുന്നു ഇതിലും ഭേദമെന്ന ചിന്തയിലാണ് എല്ലാവരും.താമസം, ഭക്ഷണം, വൈദ്യുതി ചാര്‍ജ്, വെള്ളക്കരം എന്നിവയ്ക്കൊപ്പം ഹോസ്റ്റലിലെ ജീവനക്കാരുടെ മാസശമ്പളത്തിന്റെ ഭാരം കൂടി വഹിക്കേണ്ടിവരുന്ന അവസ്ഥയിലാണ് ഇപ്പോള്‍ ഉദയഗിരിയിലെ സര്‍ക്കാര്‍ വനിതാ ഹോസ്റ്റലിലെ താമസക്കാര്‍.
120 പേര്‍ക്ക് താമസിക്കാന്‍ പറ്റുന്ന രണ്ട് ബ്ലോക്കുകളിലായി 21 താമസക്കാര്‍ മാത്രമാണ് ഇപ്പോഴുള്ളത്. രണ്ടുവീതം വാര്ഡന്, സ്വീപ്പര്‍, സെക്യൂരിറ്റി ജീവനക്കാര്‍, മൂന്നു പാചകക്കാര്‍ എന്നിവരുടെ ശമ്പളമാണ് ഇവര്‍ വഹിക്കേണ്ടിവരുന്നത്.
വാര്ഡന്മാര്ക്ക് 20,500 രൂപ വീതവും സെക്യൂരിറ്റി ജീവനക്കാര്‍ക്കും സ്വീപ്പര്‍മാര്‍ക്കും 19,000 രൂപ വീതവും പാചകക്കാര്‍ക്ക് 25,500 രൂപ വീതവുമാണ് ശമ്പളം നിശ്ചയിച്ചിട്ടുള്ളത്. ആകെ വരുന്നത് 1,68,000 രൂപ. ഇത് 21 പേര് വീതിച്ചെടുക്കുമ്പോള്‍ ഈ ഇനത്തില്‍ മാത്രം ഒരു താമസക്കാരി നല്‍കേണ്ടിവരുന്നത് 8000 രൂപയാണ്.
ഇത്രയൊക്കെ ജീവനക്കാരുണ്ടായിട്ടും മുറികളുടെ അകവശം തൂത്തുവാരാനുള്ള ബാധ്യത മിക്കപ്പോഴും താമസക്കാര്‍ക്കു തന്നെയാണെന്നും പരാതിയുണ്ട്.ഈ 21 താമസക്കാരെയും ഒരേ ബ്ലോക്കില്‍ തന്നെ അടുത്തടുത്തുള്ള മുറികളില്‍ താമസിപ്പിച്ചിരുന്നെങ്കില്‍ വൈദ്യുതി ചാര്‍ജ് ഉള്‍പ്പെടെ അൽപ്പമെങ്കിലും കുറയ്ക്കാമായിരുന്നു.
എന്നാല്‍ ഇവിടെ ഒരു ബ്ലോക്കിന്റെ താഴത്തെ നിലയില്‍ കുറച്ചുപേര്‍ക്ക് മുറികള്‍ നല്‍കിയതിനു ശേഷം ഒന്നാംനില പൂര്‍ണമായും ഒഴിച്ചിട്ട് മറ്റുള്ളവര്‍ക്ക് രണ്ടാം നിലയിലാണ് മുറികള്‍ അനുവദിച്ചിരിക്കുന്നത്. അവശേഷിക്കുന്നവര്‍ക്ക് രണ്ടാമത്തെ ബ്ലോക്കിലും ഇതുപോലെ മുറികള്‍ അനുവദിച്ചിരിക്കുന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുമെത്തിയ വനിതാ ജീവനക്കാരാണ് ഇവിടെ താമസിക്കുന്നത്.ജില്ലാ ഭരണകൂടവും വനിതാ-ശിശുവികസന വകുപ്പും ചേര്‍ന്നാണ് ഹോസ്റ്റലിന്റെ നടത്തിപ്പ് ചുമതല നിര്‍വഹിക്കുന്നത്.
കൂടുതല്‍ താമസക്കാര്‍ വന്നുകഴിഞ്ഞാല്‍ നിലവിലുള്ളവരുടെ ഭാരം ലഘൂകരിക്കാനാവുമെന്നാണ് വനിതാ-ശിശു വികസന വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിതാറാണി രഞ്ജിത് ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹോസ്റ്റലിലെ ജീവനക്കാരുടെ ശമ്പളം പോലും താമസക്കാര്‍ വഹിക്കേണ്ടിവരുന്ന അവസ്ഥ മറ്റെങ്ങും ഇല്ലാത്തതാണെന്നും ഇതെങ്കിലും ഒഴിവാക്കിത്തരണമെന്നുമാണ് താമസക്കാരുടെ അഭ്യര്‍ത്ഥന.