മിഠായി അധികം കഴിക്കല്ലെ.. പല്ലെല്ലാം കേടാകും കുഞ്ഞുങ്ങളോട് ഇങ്ങനെ ഉപദേശിക്കും. മധുരം അധികം കഴിക്കല്ലെ പ്രമേഹം വരും… വലിയവരോടുള്ള ഉപദേശം ഇങ്ങനെ. പക്ഷേ, ഉപദേശമൊക്കെ കിട്ടിയാലും മധുരത്തെ അങ്ങനെ ഉപേക്ഷിക്കാൻ ആരും തയാറല്ല.
അത്രയ്ക്ക് ഇഷ്ടമാണ് പലർക്കും മിഠായി. എന്നാൽ, ഒരു മിഠായി കന്പനിയിൽ പണി കിട്ടിയാലോ? വെറും പണിയല്ല കന്പനിയുടെ മിഠായി രുചിച്ചു നോക്കി അഭിപ്രായം പറയണം. ശന്പളമായി വലിയൊരു തുകയും കിട്ടും.
സംഗതി തമാശയല്ല, കാൻഡി ഫണ്‍ ഹൗസ് എന്ന കനേഡിയൻ കന്പനിയാണ് കാൻഡിയോളജിസ്റ്റ് എന്ന പേരിട്ടിരിക്കുന്ന തസ്തികയിലേക്കു ജോലിക്കാരെ തേടുന്നത്.ഒരു മണിക്കൂർ മുതൽ എട്ടു മണിക്കൂർ വരെയുള്ള ജോലി തെരഞ്ഞെടുക്കാം. യോഗ്യതയായി ആകെ വേണ്ടത് അൽപം മധുരത്തോടുള്ള ഇഷ്ടം മാത്രം.
ഭക്ഷണങ്ങളൊന്നും അലർജിയല്ലെന്നു തെളിയിക്കുന്ന സാക്ഷ്യപത്രവും കന്പനിക്കു നൽകണം. കന്പനി നൽകിയ രസകരമായ പരസ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇത്രയും ആസ്വദിച്ചു ചെയ്യാവുന്നൊരു ജോലി ഇനി കിട്ടാനില്ലെന്ന തരത്തിലാണ് അഭിപ്രായങ്ങൾ.
എന്നാൽ, ജോലി രസകരമാണെങ്കിലും വൈകാതെ ആരോഗ്യം സുഖകരമല്ലാതായി മാറുമെന്നു ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്.