ശാസ്താംകോട്ട: സമൂഹത്തിലെ കുട്ടികൾ ഉൾപ്പെടെ പ്രതിഭകളായിട്ടുള്ളവർ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ പ്രചാരകർ കൂടിയാകണമെന്ന് മന്ത്രി കെ രാജു അഭിപ്രായപ്പെട്ടു.
സംസ്ഥാന അധ്യാപക, വനംമിത്ര അവാർഡ് ജേതാവ് എൽ. സുഗതൻ നടപ്പാക്കിവരുന്ന പ്രതിഭാമരപ്പട്ടം അവാർഡ് വിതരണ ചടങ്ങിന്റെ ഉദ്ഘാടനവും സമർപ്പണവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രതിഭകളായ കുട്ടികൾക്ക് മാസംതോറും നൽകി വരുന്ന അവാർഡാണിത് . തന്റെ മേഖലയിൽ ഉയർന്നു വരുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷണവും മാനവികതയും സഹജീവി സ്നേഹവും ഊട്ടി ഉറപ്പിക്കുകയെന്ന ലക്ഷ്യം കൂടി അവാർഡ് സമർപ്പണത്തിന് പിന്നിലുണ്ട്.
ഈ മാസം ഇത് ലഭിച്ചത് അഞ്ചൽ നെട്ടയം സരോവരത്തിൽ രാജേന്ദ്രന്റേയും സുജിയുടെയും മകൾ ബേബി അനാമിയയ്ക്കാണ്. ഈ വർഷത്തെ മികച്ച ബാലതാരത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങളാണ് ഈ ഒൻപത് വയസുകാരിയെ തേടിയെത്തിയത്.
ചടങ്ങിന് മുന്നോടിയായി വീട്ടുമുറ്റത്ത് അനാമിയ പ്രതിഭാമരം നട്ടുപിടിപ്പിച്ചു.അനാമിയുടെ വീട്ടു മുറ്റത്ത് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ അധ്യക്ഷനായിരുന്നു. എൽ. സുഗതൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, രാധ രാജേന്ദ്രൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചിന്നു വിനോദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന മുരളി, ഗ്രാമ പഞ്ചായത്ത് മെമ്പർ അഖിൽ, സാഹിത്യകാരി രശ്മി രാജ് മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.