ചിറ്റൂർ (ആന്ധ്രപ്രദേശ്): കൊറോണ വന്നത് ചൈനയിൽനിന്നല്ല തന്നിൽനിന്നാണെന്ന് ആന്ധ്രയിൽ പെണ്മക്കളെ കൊലപ്പെടുത്തിയ പ്രതി പത്മജ.
താൻ ശിവനാണെന്നും തൊണ്ടയിൽ വിഷം ഉണ്ടെന്നും അവകാശപ്പെട്ട ഇവർ കോവിഡ് പരിശോധനയ്ക്കു വിസമ്മതിച്ചുകൊണ്ടാണ് കോവിഡിന്റെ ഉറവിടം താനാണെന്നു പറഞ്ഞത്.
ആന്ധ്രപ്രദേശിലെ മദനപ്പള്ളെയിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പത്മജ (50), ഭർത്താവ് പുരുഷോത്തം നായിഡു എന്നിവർ മക്കളായ അലേഖ്യ (27)യെയും ദിവ്യ സായി (22)യെയും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലാണ്.
ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള പത്മജ ഐഐടി പരിശീലന കേന്ദ്രത്തിൽ അധ്യാപികയാണ്. കോവിഡ് പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് താൻ ശിവനാണെന്നും കോവിഡ് വന്നത് തന്റെ ശരീരത്തിൽനിന്നാണെന്നും ഇവർ അവകാശപ്പെട്ടത്.
തൊണ്ടയിൽ വിഷമുള്ളതിനാൽ കോവിഡ് പരിശോധന നടത്തേണ്ട ആവശ്യമില്ല. വാക്സിൻ ഉപയോഗിക്കാതെ തന്നെ മാർച്ച് മാസത്തോടെ കോവിഡ് അവസാനിക്കുമെന്നും പത്മജ അവകാശപ്പെട്ടു.
ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇവർ കോവിഡ് പരിശോധനയ്ക്കു സമ്മതിച്ചത്. ഫലം വന്നിട്ടില്ല. അച്ഛനും അമ്മയും ചേർന്ന് മക്കളെ കൊലപ്പെടുത്തിയെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ.
മൊഴികളിൽ വ്യക്തത വന്നിട്ടില്ലാത്തതിനാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. ഞായറാഴ്ചയാണ് പെണ്കുട്ടികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
പത്മജ ശൂലംകൊണ്ടു കുത്തിയും, ഭാരമുള്ള വസ്തുകൊണ്ട് ഇടിച്ചും കൊലപ്പെടുത്തിയതായി സൂചനയുണ്ട്. മക്കൾ പുനർജനിക്കുമെന്ന് ഒരു മന്ത്രവാദി പറഞ്ഞതായാണ് മാതാപിതാക്കളുടെ വാദം.
വിചിത്രമായ മൊഴികളാണ് ഇവർ നൽകുന്നത്. ഇരുവർക്കും മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ നൽകേണ്ടതുണ്ടോ എന്നു പരിശോധിക്കുകയാണെന്ന് ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് എ. രവി മനോഹർ ആചാരി പറഞ്ഞു.