ചിറ്റൂര്‍: ആന്ധ്രപ്രദേശ് ചിറ്റൂരിലെ ആഭിചാരക്കൊല മാതാപിതാക്കൾ നേരത്തെ പദ്ധതിയിട്ട് നടപ്പാക്കിയതെന്ന് പോലീസ്. ദിവസങ്ങളോളം തുടർന്ന പൂജകളെ തുടർന്ന് ഇളയപെൺകുട്ടി വെള്ളിയാഴ്ച ജീവനൊടുക്കാൻ ശ്രമിച്ചതായും പോലീസ് കണ്ടെത്തി.
പ്രതികളുമായി പോലീസ് വീട്ടിൽ തെളിവെടുപ്പ് നടത്തി. രാജ്യത്തെ നടുക്കിയ കൊലപാതകം നടന്ന വീട്ടില്‍ കഴിഞ്ഞ ദിവസം പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോൾ വളരെ വിചിത്രമായ രീതിയിലാണ് പെൺകുട്ടിയുടെ അമ്മ പെരുമാറിയത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവരുന്നത്.
ക്രൂരമായി കൊലപാതകം നടക്കുന്നതിന് ദിവസങ്ങൾക്ക് മുന്പ തന്നെ ചിറ്റൂരിലെ വീട്ടില്‍ ആഭിചാര ക്രിയകൾ തുടങ്ങിയിരുന്നു.
പൂജകളില്‍ നിരന്തരം പങ്കെടുത്ത് മാനസിക പിരിമുറുക്കത്തിലായ ഇളയമകൾ സായ്ദിവ്യ വെള്ളിയാഴ്ച വീടിനു മുകളിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നെന്നും പോലീസ് കണ്ടെത്തി.
എന്നിട്ടും ആഭിചാരക്രിയകൾ തുടർന്ന അധ്യാപക ദമ്പതികൾ ഞായറാഴ്ച രാത്രിയോടെയാണ് രണ്ടുപേരെയും ആയുധമുപയോഗിച്ചും മർദിച്ചും കൊലപ്പെടുത്തിയത്. വീടിനകത്ത് സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളും മുറികളില്‍ സൂക്ഷിച്ച പൂജാവസ്തുക്കളുമടക്കം നിർണായക തെളിവുകൾ പോലീസ് ഇതിനോടകം കണ്ടെടുത്തിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ദമ്പതികളായ പദ്മജയുടെയും പുരുഷോത്തമ നായിഡുവിന്റെയും ബന്ധുക്കളില്‍ ചിലരെയും അന്വേഷണസംഘം ചോദ്യം ചെയ്യുന്നുണ്ട്. കേസില്‍ പുറത്തുനിന്നുള്ളവരുടെ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.