ഗാസിപുര്‍: സമരരംഗത്തുള്ള കര്ഷകര്ക്കെതി കര്‍ശന നടപടി സ്വീകരിക്കാനുറപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാർ. ഗാസിപുരില്‍ നിന്ന് കര്‍ഷകര്‍ ഒഴിഞ്ഞുപോവണമെന്ന് ജില്ലാ ഭരണകൂടം കര്‍ഷകര്‍ക്ക് നോട്ടീസ് നല്കി.
രണ്ട് ദിവസത്തിനുള്ളില്‍ ഗാസിപ്പുരില് നിന്ന് ഒഴിഞ്ഞു പോവണമെന്നാണ് നിര്‍ദേശം. ഗാസിപുരിലെ സമരവേദികളിലെ വൈദ്യുതി ബന്ധവും കുടിവെള്ള വിതരണവും വിച്ഛേദിച്ചതായി കര്‍ഷക നേതാക്കള്‍ പ്രതികരിച്ചു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഈ മേഖലയില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കൂടുതല്‍ കര്‍ഷകനേതാക്കള്‍ ഇന്ന് ഗാസിപുരിലെത്തിയേക്കും. ഇതിനിടെ കേന്ദ്ര ആഭ്യന്തരമന്തി ചെങ്കോട്ട സന്ദർശിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം ചെങ്കോട്ടയില്‍ നടന്ന അതിക്രമങ്ങളില്‍ നടനും ഗായകനുമായ ദീപ് സിദ്ദുവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ഗുണ്ടാനേതാവില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനകനായി മാറിയ ലഖ സിദ്ധാനയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
ചെങ്കോട്ടയില്‍ നടന്ന അതിക്രമങ്ങള്‍ക്ക് പിന്നില്‍ ദീപ് സിദ്ദുവാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇവരുടെ ബിജെപി ബന്ധവും പുറത്തുവന്നതിനാലാണ് ഇരുവര്‍ക്കുമെതിരേ കേസെടുക്കാന്‍ വൈകുന്നതെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.
ഇതിനിടെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പരിശോധിക്കാനായി സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടി.
നിയമങ്ങളില്‍ അഭിപ്രായമുണ്ടെങ്കില്‍ സമിതിയെ ഇ-മെയിലിലൂടെ അറിയിക്കണമെന്ന് സമിതി പരസ്യപ്പെടുത്തിയിട്ടുണ്ട്.കർഷകസംഘടനകളുമായി തല്ക്കാലം ചർച്ചയില്ലെന്ന് കേന്ദ്രസർക്കാർ. മുൻ നിർദ്ദേശം അംഗീകരിക്കാം എന്നറിയിച്ചാൽ മാത്രം ചർച്ചയെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
ഗാസിപ്പൂരിലെ സമരവേദി ഒഴിയാന്‍ പൊലീസ് നിര്‍ദ്ദേശിച്ചെന്ന് കര്‍ഷകര്‍ പറഞ്ഞു. ഇവിടെ പൊലീസ് സന്നാഹം ശക്തമാക്കിയിരിക്കുകയാണ്. ജലപീരങ്കിയും എത്തിച്ചു.അതേസമയം റിപ്പബ്ലിക് ദിനത്തിലെ സംഘർഷത്തിൽ പങ്കെടുത്തവർക്കെതിരെ നടപടികൾ കടുപ്പിക്കാനാണ് ദില്ലി പൊലീസിന്റെ നീക്കം.
സംഘർഷവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ സംയുക്ത കിസാൻ മോർച്ച നേതാവ് ദർശൻ പാലിന് പൊലീസ് നോട്ടീസ് നൽകി.
മൂന്ന് ദിവസത്തിനുള്ളിൽ നോട്ടീസിന് മറുപടി നൽകണം. നിയമ നടപടികൾ എടുക്കാതെയിരിക്കാൻ കാരണം അറിയിക്കാനും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കിൽ മറ്റ് നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.