സ്വന്തം ലേഖകൻ
തൃശൂർ: സംസ്ഥാന പോലീസ് കംപ്ലെയിന്റ്സ് അഥോറിറ്റിയിലേക്കു മലയാളത്തിൽ നൽകിയ പരാതിയ്ക്ക് ഇംഗ്ലീഷിൽ ഉത്തരവ്. അതു പരാതിയായപ്പോൾ മാതൃഭാഷയായ മലയാളത്തിൽത്തന്നെ ഉത്തരവു വേണമെന്ന് സർക്കാരിന്റെ ഉത്തരവ്. മലയാളം ടൈപ്പു ചെയ്യാൻ ജീവനക്കാരില്ലെന്നു പോലീസ് കംപ്ലെയിന്റ് അഥോറിറ്റിയുടെ വിശദീകരണം.
തൃശൂർ നേർകാഴ്ച അസോസിയേഷൻ ചെയർമാനും ഡയറക്ട്റുമായ പി.ബി. സതീഷ് നൽകിയ പരാതിയിലാണു നടപടി. ഇംഗ്ലീഷിലുള്ള ഉത്തരവിനെതിരെ ഭരണപരിഷ്കാര ഒൗദ്യോഗിക ഭാഷാ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണു പരാതി നൽകിയിത്.
മലയാളത്തിൽ തന്നെ ഉത്തരവു നൽകണമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി പോലീസ് കംപ്ലെയിന്റസ് അഥോറിറ്റിക്ക് ഉത്തരവു നൽകി. പരാതിയ്ക്ക് ഇംഗ്ലീഷിൽ ഉത്തരവു നൽകാനുണ്ടായ സാഹചര്യവും മലയാളത്തിൽ വിധി ന്യായം പുറപ്പെടുവിക്കാൻ തടസമെന്തെന്നും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കംപ്ലെയിന്റ്സ് അഥോറിറ്റിയോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു.
പോലീസ് കംപ്ലെയിന്റ്സ് അഥോറിറ്റിയിൽ മലയാളം ടൈപ്പിസ്റ്റിന്റെ തസ്തിക അനുവദിച്ചു തന്നിട്ടില്ല. അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനു പലതവണ കത്തു നൽകിയിട്ടുണ്ട്. മലയാളം ടൈപ്പു ചെയ്യാൻ അറിയുന്നവർ ഇല്ലതാനും.
അതിനാലാണ് ഇംഗ്ളീഷിൽ ഉത്തരവു പുറപ്പെടുവിക്കുന്നത്.മലയാളം ഒൗദ്യോഗിക ഭാഷയായി പ്രഖ്യാപിച്ച് സർക്കാർ നിരന്തരം ഉത്തരവുണ്ടെങ്കിലും മലയാളത്തിൽ മാത്രമേ ഉത്തരവിറക്കാവൂവെന്നു പ്രത്യേക നിർദ്ദേശം ലഭിച്ചില്ലെന്നും വിശദീകരണത്തിൽ പറയുന്നു.
പോലീസ് ആക്ട് ഒഴികെ പോലീസുമായി ബന്ധപ്പെട്ട നിയമങ്ങളെല്ലാം ഇംഗ്ലീഷിൽ ആണെന്നും അവയെപ്പറ്റിയുള്ള കോടതിവിധി മജിസ്ട്രേറ്റ് കോടതി മുതൽ സുപ്രീം കോടതി വരെ ന്യായം ഇംഗ്ലീഷിൽ ആണെന്നും പരാതിക്കാന് ആവശ്യമെങ്കിൽ ഉത്തരവ് മലയാളത്തിൽ നൽകാമെന്നുമാണു വിശദീകരണം.
പോലീസ് കംപ്ലെയിന്റ് അഥോറിറ്റിയിൽ താത്കാലികമായി മലയാളം ടൈപ്പിസ്റ്റിനെ നിയമിക്കാൻ അനുവദിച്ചിട്ടുണ്ടെന്നാണു ഇതിനു സർക്കാരിന്റെ മറുപടി.ഇംഗ്ളീഷിൽ ഉത്തരവു പുറപ്പെടുവിക്കുകയും ടൈപ്പു ചെയ്യാൻ ആളില്ലെന്നു നിരുത്തരവാദപരമായ മറുപടി നൽകുകയും ചെയ്തെന്ന് ആരോപിച്ച് പോലീസ് കംപ്ലെയിന്റസ് അഥോറിറ്റിക്കെതിരേ ഗവർണർക്കു പരാതി നൽകുമെന്ന് പി.ബി. സതീഷ് പറഞ്ഞു.
വെട്ടിക്കലിലെ അപകടകരമായ സ്ഥലത്ത് 2015 ൽ പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ ബൈക്ക് അപകടത്തിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിലാണ് പോലീസ് കംപ്ലെയിന്റസ് അഥോറിറ്റിയിൽ പരാതി നൽകിയത്.
അന്നത്തെ പോലീസ് ഡിജിപി ടി.പി. സെൻകുമാർ, സിറ്റി പോലീസ് ചീഫായിരുന്ന കെ.ജി. സൈമണ്, സിഐ ഉമേഷ്, എസ്ഐമാരായ പങ്കജാക്ഷൻ, ദിലീപ് എന്നിവരടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരേയുള്ള പരാതിയിലാണ് ഇംഗ്ളീഷിൽ ഉത്തരവിട്ട് അഥോറിറ്റി പുലിവാലു പിടിച്ചത്.