മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി പഞ്ചായത്തിലെ മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി സ്ഥാപിച്ച മിനി എംസിഎഫ് യൂണിറ്റുകളിൽ ഒന്നിന്റെ അവസ്ഥയാണിത്.
നിരവധി വിദ്യാർഥികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമായ പന്നിക്കോട് എയുപി സ്കൂളിന് മുന്നിലാണ് യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്.
താമരശേരി – കരിപ്പൂർ എയർ പോർട്ട് റോഡിന്റെ സമീപത്തായതിനാല്‍ ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ മാലിന്യങ്ങൾ കൊണ്ട് വന്ന് തള്ളുകയാണിവിടെ. സ്ഥാപിച്ച പെട്ടി പൂട്ടിയിട്ടിരിക്കുന്നതിനാൽ പെട്ടിക്ക് സമീപത്തായി റോഡിലാണ് മാലിന്യങ്ങൾ തള്ളുന്നത്.
ഇതോടെ കാക്കയും മറ്റും ഇത് കൊത്തിവലിച്ച് സമീപത്തെ കിണറുകളിലും പറമ്പുകളിലും കൊണ്ടുവന്നിടുകയും ചെയ്യുന്നു. പെട്ടി ഉടൻ മാറ്റണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതർ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.
യാതൊരു മുൻ കാഴ്ചയുമില്ലാതെയാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷങ്ങൾ മുടക്കി ഇത്തരം പെട്ടികൾ സ്ഥാപിച്ചിരിക്കുന്നത്. 40,000 രൂപയാണ് ഓരോ യൂണിറ്റിന്റെയും ചിലവ്.
പൊതു പണം ഉപയോഗിച്ച് നിർമ്മിച്ച ഈ പെട്ടികൾ മിക്കതും ഉപയോഗശൂന്യമായ അവസ്ഥയിലാണ്. സ്കൂളിന് പുറമെ ബിജെപി ഓഫീസും പ്രവർത്തിക്കുന്നത് ഇതിന് സമീപത്താണ്.