കോട്ടയം: യുഡിഎഫിലെ സീറ്റു വിഭജന ചർച്ചകൾ തുടരും. ഇന്നലെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായും ആർഎസ്പിയുമായും നടത്തിയ ചർച്ചകൾ തീരുമാനമാകാതെ പിരിയുകയായിരുന്നു.
സംയുക്ത കേരള കോണ്‍ഗ്രസ്- എം മത്സരിച്ച 15 സീറ്റുകളും ലഭിക്കണമെന്നാണ് പി.ജെ. ജോസഫ് വിഭാഗം ആവശ്യപ്പെട്ടത്. എന്നാൽ ഇതിനോട് ഒരു കാരണവശാലും യോജിക്കാൻ സാധിക്കില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചത്.
കോട്ടയം ജില്ലയിൽ ആറു സീറ്റുകൾ വേണമെന്നാണ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ പരാമവധി മൂന്നു സീറ്റിൽ കൂടുതൽ ജോസഫ് വിഭാഗത്തിനു നല്കാൻ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കൾ പറയുന്നത്. കഴിഞ്ഞ തവണ ജില്ലയിൽ കടുത്തുരുത്തിയിൽ മാത്രമാണ് ജോസഫ് വിഭാഗം മത്സരിച്ചത്.
മറ്റു സീറ്റുകളിലെല്ലാം മാണി വിഭാഗമായിരുന്നു മത്സരിച്ചത്. പിളർപ്പോടെ ചങ്ങനാശേരിയിൽ ജയിച്ച സി.എഫ്. തോമസ് ജോസഫ് വിഭാഗത്തിനൊപ്പം ചേരുകയും ചെയ്തു.പാലായിലെ സീറ്റിന്റെ കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. മാണി സി.
കാപ്പന്റെ കാര്യത്തിൽ തീരുമാനമാകാത്തതിനാൽ ഇക്കാര്യം ചർച്ചയിൽ ഉയർന്നുവന്നില്ലെന്നാണ് സൂചന. ഏറ്റുമാനൂർ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകളിൽ മത്സരിക്കാൻ തയാറായി നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് ജില്ലയിലുള്ളത്. ചില സീറ്റുകൾ വച്ചു മാറുന്ന കാര്യവും യോഗത്തിൽ ചർച്ചയായെങ്കിലും കോണ്‍ഗ്രസും ജോസഫ് വിഭാഗവും ഇക്കാര്യത്തിൽ മനസ് തുറന്നില്ല.
കോണ്‍ഗ്രസിന്റെ കൈയിൽ നിന്നും മൂവാറ്റുപുഴ സീറ്റ് വാങ്ങി പകരം പൂഞ്ഞാർ സീറ്റു കോണ്‍ഗ്രസിനു നൽകാൻ ജോസഫ് വിഭാഗത്തിനു താത്പര്യമുണ്ട്. എന്നാൽ ജോസഫ് വാഴയ്ക്കൻ മത്സരിച്ച മൂവാറ്റുപുഴ വിട്ടു നൽകാൻ കോണ്‍ഗ്രസ് തയാറല്ല. തിരുവല്ല സീറ്റിന്റെ കാര്യത്തിലും തർക്കം നിലനില്‍ക്കുകയാണ്.
സംയുക്ത കേരള കോണ്‍ഗ്രസ് എം കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റിൽ പരാജയപ്പെട്ട ആലത്തൂർ, തളിപ്പറന്പ് സീറ്റുകൾ വിട്ടു നൽകാമെന്നും പകരം മലബാറിൽ തന്നെ രണ്ടു സീറ്റുകൾ തന്നാൽ മതിയെന്നും ഇന്നലത്തെ ചർച്ചയിൽ ജോസഫ് വിഭാഗത്തിന്റെ ആവശ്യപ്പെട്ടു. തിരുവാന്പാടി, പേരാന്പ്ര സീറ്റുകളാണ് ജോസഫ് വിഭാഗം ചോദിക്കുന്നത്.
എന്നാൽ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും സീറ്റുകളായ ഇവ വിട്ടു നൽകാൻ ഇരു പാർട്ടികളും തയാറല്ല. അടുത്ത ദിവസങ്ങളിൽ നടക്കുന്ന ഉഭയകക്ഷി ചർച്ചകളോടെ സീറ്റ് വിഭജനം സംബന്ധിച്ചു കൃത്യമായ ധാരണയുണ്ടാകും.