കെ. ഷിന്റുലാല്‍
കോഴിക്കോട്: ലോകസ്ഭയിലേക്ക് 2014 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടരലക്ഷം വോട്ടുനേടിയ ആംആദ്മി പാർട്ടി ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചൂലുമായി തെരഞ്ഞെടുപ്പ് അങ്കത്തിനൊരുങ്ങുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളുമായി “ചൂല്’ ചിഹ്നത്തില്‍ മത്സരിക്കാനാണ് ആംആദ്മി കേരള ഘടകം ലക്ഷ്യമിടുന്നത്.
അതേസമയം ദേശീയ അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള് കഴിഞ്ഞ ദിവസം ചേര്‍ന്ന ദേശീയ കൗണ്‍സിലില്‍ കേരളത്തിന്റെ കാര്യം പരാമര്‍ശിച്ചിരുന്നില്ല. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ആം ആദ്മി മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചത്.
സംഘടനാ സംവിധാനം പൂര്‍ണമായും ഇല്ലാതായ സംസ്ഥാനത്ത് പുതുതായി അംഗങ്ങളെ കണ്ടെത്തുകയും തുടര്‍ന്ന് ദേശീയ നേതൃത്വത്തിന്റെ അനുമതി തേടി മത്സരിക്കാനുമാണ് സംസ്ഥാന ഘടകം ലക്ഷ്യമിടുന്നത്. ഇതിനായി 20 അംഗ സമിതിയാണ് രംഗത്തുള്ളത്.
മുന്തമിഴ്നാട് ചീഫ് സെക്രട്ടറിയും മലയാളിയുമായ പി.സി. സിറിയകിന്റെ നേതൃത്വത്തിലാണ് കോ-ഓര്‍ഡിനേറ്റര്‍മാരെ ചുമതലപ്പെടുത്തി ആംആദ്മി വീണ്ടും സജീവമാകുന്നത്. ഇവര്‍ ഓരോ അസംബ്ലി മണ്ഡലങ്ങളിലേയും കോ-ഓര്‍ഡിനേറ്റര്‍മാരെ കണ്ടെത്തും. ഇവര്‍ പിന്നീട് ഓരോ വാര്‍ഡിലും മെമ്പര്‍ഷിപ്പ് കാമ്പയിനിലൂടെ അംഗങ്ങളെ ചേര്‍ക്കും.
ഒരു ബൂത്തില്‍ ചുരുങ്ങിയത് 10 അംഗങ്ങളെയെങ്കിലും കണ്ടെത്തുകയെന്നതാണ് ലക്ഷ്യം. ഇപ്രകാരം കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, തിരുവമ്പാടി, ബാലുശേരി, വടകര മണ്ഡലങ്ങളില്‍ അംഗങ്ങളെ ചേര്‍ത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിച്ച് ആംആദ്മി കണ്ടെത്തുകയും മത്സരിപ്പിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിന് യാതൊരു ഒരുക്കങ്ങളുമില്ലാതെ മത്സരിച്ചിട്ടും ആംആദ്മിയ്ക്ക് ഒരു ശതമാനം വോട്ട് ലഭിച്ചു. ഇത് ശുഭസൂചനയായാണ് സംസ്ഥാന ഘടകംകാണുന്നത്.
2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി നേടിയ രണ്ടരലക്ഷത്തോളം വോട്ടുകള്‍ ഇപ്പോഴും ഭദ്രമാണെന്നാണ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ കരുതുന്നത്.