തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ഇന്നു മുതൽ വീണ്ടും പോലീസ് രംഗത്തിറങ്ങുന്നു.
ജനങ്ങൾ കൂട്ടംകൂടുന്നത് തടയാനും മാസ്ക് ഉപയോഗം കർശനമാക്കാനും പോലീസ് ശ്രദ്ധിക്കും.
25,000 പോലീസുകാരെ ഇതിനായി നിയോഗിക്കും. ഇന്നു മുതൽ ഫെബ്രുവരി 10 വരെയാണ് പോലീസ് പരിശോധന കർശനമാക്കുക. രാത്രി 10 മണിക്കുശേഷം അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങുന്നതും നിയന്ത്രിക്കും.
സമ്മേളനങ്ങൾ, വിവാഹചടങ്ങുകൾ എന്നിവയിൽ കൊവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണമെന്നും നിർദേശമുണ്ട്. നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന്റെ ചുമതല എഡിജിപി വിജയ് സാഖറേയ്ക്കാണ് നൽകിയിരിക്കുന്നത്.
പോലീസ് സേന മുഴുവനും കോവിഡ് പ്രതിരോധത്തിനായി രംഗത്തിറങ്ങണമെന്ന് ഡിജിപിയുടെ നിർദേശവുമുണ്ട്. വേണമെങ്കിൽ സ്പെഷൽ പോലീസ് യൂണിറ്റുകളുടെ സേവനം തേടാൻ എസ്പിമാരോട് നിർദേശിച്ചിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷമാണ് സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായത്. രാജ്യത്തെ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് നാളെ ഒരു വർഷം തികയുന്പോഴും കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ കോവിഡ് ചികിത്സയിലുള്ള പത്തു ജില്ലകളിൽ ഏഴു ജില്ലകളും കേരളത്തിലാണ്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചുള്ള ആകെ മരണം 3682 ആയി.