ആലപ്പുഴ: ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കൂട്ടിയിടി നടന്ന ആലപ്പുഴ ബൈപാസിലെ കൊമ്മാടിയിലെ ടോള്‍ ബൂത്തും തകര്‍ത്ത നിലയില്‍. ഇന്നുപുലര്‍ച്ചെ പോയ ഏതോ വാഹനമിടിച്ചാണ് ബൂത്ത് തകര്‍ന്നിരിക്കുന്നത്.
വാഹനം ഏതെന്ന് കണ്ടെത്തിയിട്ടില്ല. കൃത്യമായ കാമറാ സംവിധാനമില്ലാത്തതിനാലാണ് അതു കണ്ടെത്താന്‍ കഴിയാത്തതിനു പിന്നില്‍. അതേസമയം ഭാരം കയറ്റിപ്പോയ വാഹനങ്ങളേതെങ്കിലുമായിരിക്കും ഇടിച്ചതെന്നാണ് കരുതുന്നത്. വശങ്ങളിലേക്കു തള്ളിനില്ക്കുന്ന തരത്തിലുള്ള സാധനങ്ങളുമായി പോയ ലോറികളിലേതെങ്കിലുമായിരിക്കും ഇടിച്ചതെന്നു പോലീസ് അധികൃതരും പറയുന്നു.
ഇതിനിടെ ബൈപാസ് നാടിനു സമര്‍പ്പിച്ചു ആദ്യ മണിക്കൂറില്‍ തന്നെ കൂട്ടയിടിയായിരുന്നു. മൂന്നു കാറുകളാണ് ഇടിച്ചത്. ആര്‍ക്കും പരിക്കില്ല. കൊമ്മാടിയില്‍ നിന്നും കളര്കോടേക്ക് പോയ വാഹനങ്ങള്‍ മേല്‍പ്പാലത്തില്‍ വച്ചാണ് ഇടിച്ചത്.
മുന്നേ പോയ ലോറി ബ്രേക്ക് ചെയ്തപ്പോള്‍ പിറകെ വന്ന കാറുകള്‍ ഇടിക്കുകയായിരുന്നു. കാറുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഇതിനു പുറമെ മറ്റിടങ്ങളിലും അപകടമുണ്ടായി.ഒപ്പം വേറെ ഫോട്ടോകളും ബൈപാസിലെ അപകടമെന്ന രീതിയില്‍ പ്രചരിക്കുന്നുമുണ്ട്.
മേല്‍പ്പാലത്തില്‍ നിന്നും കടല്ക്കാഴ്ചയ്ക്കായി പല വാഹനങ്ങളും നിര്‍ത്താനോ വേഗം കുറയ്ക്കാനോ ശ്രമിക്കുമ്പോള്‍ ഭാവിയിലും അപകട സാധ്യത ഏറെയാണ്.