നെയ്യാറ്റിന്‍കര : പിരായുംമൂടിനടുത്ത് നെയ്യാറില്‍ യുവതി മുങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റില്‍. യുവതി നദിയിലെ മണല്‍ക്കയത്തില്‍ താഴുന്നതു കണ്ടിട്ടും വിവരം പുറത്തറിയിക്കാത്ത കാരണത്താലാണ് യുവാവ് അറസ്റ്റിലായതെന്നും പോലീസ് അറിയിച്ചു.
നെടുമങ്ങാട് കരകുളം സ്വദേശിനിയായ സുജ (37) യെയാണ് ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ നെയ്യാറ്റിന്‍കര പിരായുംമൂടിനടുത്ത് നെയ്യാറില്‍ മുങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
ഈ സംഭവവുമായി ബന്ധപ്പെട്ടാണ് ആറാലുംമൂട് തിന നിന്ന വിള വീട്ടില്‍ ഉണ്ണികൃഷ്ണ (42) നെ അറസ്റ്റ് ചെയ്തതെന്ന് നെയ്യാറ്റിന്‍കര എസ്ഐ പറഞ്ഞു. സുജ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്.
സംഭവത്തിനു മുന്‍പ് മൂന്നു ദിവസമേ ആയുള്ളൂ സുജ പിരായുംമൂട്ടിലെത്തിയിട്ടെന്ന് പോലീസ് പറഞ്ഞു. ഉണ്ണികൃഷ്ണന് വാടകയ്ക്ക് എടുത്ത വീട്ടില്‍ അയാളോടൊപ്പമായിരുന്നു സുജ താമസിച്ചത്.
താനും സുജയും തമ്മില്‍ മ്യൂസിയത്തില്‍ വച്ചാണ് പരിചയപ്പെട്ടതെന്നും പലപ്പോഴും കണ്ടുമുട്ടാറുണ്ടായിരുന്നതായും ഉണ്ണികൃഷ്ണന് പറഞ്ഞതായി പോലീസ് അറിയിച്ചു. സംഭവദിവസം വൈകുന്നേരം നാലോടെ ഇരുവരും കൂടിയാണ് നെയ്യാറില്‍ കുളിക്കാന്‍ പോയത്.
നനച്ചതിനു ശേഷം കുളിക്കാനിറങ്ങവെയായിരുന്നു അപകടം. ആഴത്തിലുള്ള മണല്ക്കുഴികളുള്ള ഭാഗമാണ് അവിടം. സമീപത്തെ രണ്ടു പാലങ്ങള്ക്കരികിലൂടെയുള്ള ഒഴുക്കും ഇവിടെ ഇറങ്ങി പരിചയമില്ലാത്തവര്‍ക്ക് അപകടമുണ്ടാക്കാനിടയുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടി.
സുജ മുങ്ങിത്താഴുന്നത് കണ്ടിട്ടും ഉണ്ണികൃഷ്ണന് രക്ഷിക്കാന്‍ ശ്രമിക്കുകയോ സുജ മുങ്ങിത്താണുവെന്ന വിവരം പുറത്ത് ആരെയും അറിയിക്കുകയോ ചെയ്തില്ലായെന്ന് പോലീസ് പറയുന്നു.
കരയിലുണ്ടായിരുന്ന സുജയുടെ ചെരിപ്പും വസ്ത്രങ്ങളുമെല്ലാം ഉണ്ണികൃഷ്ണന് എടുത്ത് വീട്ടില്‍ കൊണ്ടുവച്ചു. പിന്നീട് പുറത്തു പോയി മദ്യപിച്ച് തിരികെ വീട്ടിലെത്തി കിടന്നുറങ്ങി.
പിന്നീട് നെയ്യാറില്‍ മൃതദേഹം കണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. സുജ വെള്ളത്തില്‍ വീണ വിവരം നാട്ടുകാരെയോ പോലീസിനെയോ ഉണ്ണികൃഷ്ണന് അറിയിച്ചില്ലായെന്നത് സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിച്ചു.
ഉണ്ണികൃഷ്ണനെ പ്രാഥമികമായി ചോദ്യം ചെയ്തുവെങ്കിലും സുജയുടെ മൃതദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മരണ കാരണം അറിയാന്‍ കാത്തിരിക്കുകയായിരുന്നു പോലീസ്. മുങ്ങിമരണമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി പോലീസ് അറിയിച്ചു.