ലണ്ടൻ: യുകെയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പോകാൻ ശ്രമിക്കുന്നവരെ വിമാനത്താവളങ്ങളിൽ നിന്ന് അപ്രതീക്ഷിതമായി തിരിച്ചയച്ചേക്കാമെന്ന മുന്നറിയിപ്പുമായി ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ. ബ്രിട്ടനിൽ അടിയന്തര വിദേശ യാത്രകൾക്ക് മാത്രം അനുമതി നൽകുന്ന രീതിയിലേയ്ക്ക് മാറിക്കഴിഞ്ഞു.
യാത്ര ഒഴിവാക്കാനാകാത്ത സാഹചര്യമാണെന്ന് തെളിവുകൾ സഹിതം ബോധിപ്പിപ്പിച്ചാൽ മാത്രമേ യാത്ര സാധ്യമാവൂ.
രാജ്യത്ത് ഓസ്ട്രേലിയൻ രീതിയിലുള്ള റെഡ് ലിസ്റ്റ് ഏർപ്പെടുത്താൻ പോകുകയാണെന്നും അവർ വ്യക്തമാക്കി. റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ പൂർണമായി നിരോധിക്കുന്നതാണ് ഓസ്ട്രേലിയൻ രീതി.
പരിശോധനകൾ ശക്തമാക്കാൻ വിമാനത്താവളങ്ങളിലും പോർട്ടുകളിലും കൂടുതൽ പോലീസിനെ ഡ്യൂട്ടിക്കിടുമെന്നും മന്ത്രി അറിയിച്ചു.
മുപ്പതു രാജ്യങ്ങൾ ഉൾപ്പെടുന്ന റെഡ് ലിസ്റ്റാണ് യുകെയുടെ പരിഗണനയിലുള്ളത്. ഇതിൽ ദക്ഷിണാഫ്രിക്ക, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്നു. ഇതിൽ 22 രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിലേക്ക് എത്തുന്നവർക്ക് പത്തു ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമാക്കിയിട്ടുണ്ട്.
ഈ രാജ്യങ്ങളിൽ നിന്നുള്ള വിദേശ പൗരൻമാർക്ക് നേരത്തെ തന്നെ ബ്രിട്ടനിലേക്കു വരുന്നതിന് നിരോധനമുണ്ട്. ഇനി ബ്രിട്ടീഷ് പൗരൻമാർക്കും ഇതു ബാധകമാകും. ഇളവുകളോടെ വരുന്നവർക്ക് പത്തു ദിവസം വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലുകളിൽ തന്നെ ക്വാറന്റൈനിൽ കഴിയേണ്ടി വരും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ