കോതമംഗലം: കെട്ടിടത്തിനു മുകളില്‍നിന്നു വീണു മരിച്ച യുവാവിന്റെ മൃതദേഹം ആശുപത്രിയിൽ എത്തിക്കാതെ റോഡരികില്‍ തളളി കടന്നുകളഞ്ഞ സുഹൃത്തുക്കളായ മൂന്നു പേർ പോലീസ് പിടിയില്‍.
തിരുവനന്തപുരം കാട്ടാക്കട മലയിന്‍കീഴ് ചെഞ്ചേരി കരുണാകരന് നായരുടെ മകന് ബിജു (47) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ടു കോതമംഗലം ഊഞ്ഞാപ്പാറ നെടുമ്പിള്ളി ശ്രീജിത്ത് (ശ്രീകുട്ടന്-36), ഇഞ്ചൂര്‍ മനയ്ക്കപ്പറമ്പില്‍ കുമാരന് (59), കുറ്റിലഞ്ഞി പുതുപ്പാലം കിഴക്കുന്നേല്‍ അനില്‍കുമാര്‍ (45) എന്നിവർ അറസ്റ്റിലായി.
തങ്കളം മലയിന്‍കീഴ് ബൈപാസ് റോഡരികിൽ കഴിഞ്ഞ 24നാണു മൃതദേഹം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. മരിച്ച ബിജുവും പ്രതികളും റോളിംഗ് ഷട്ടറിനു ഗ്രീസിടുന്ന ജോലി ചെയ്യുന്നവരാണ്.
കിട്ടുന്ന പണംകൊണ്ടു മദ്യപിച്ചു കറങ്ങിനടക്കുന്ന രീതിയായിരുന്നു ഇവര്‍ക്കെന്നു പോലീസ് പറഞ്ഞു. 23നു രാത്രി ഏഴോടെ അടിമാലിയില്‍ മഠംപടി ഭാഗത്ത് ലോഡ്ജില്‍ മുറി അന്വേഷിച്ച് ഇവർ എത്തിയിരുന്നു. കുമാരന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയിലാണു നാലു പേരും വന്നത്.
ലോഡ്ജിന്റെ റോഡ് നിരപ്പിലുള്ള നാലാംനിലയിൽ നിൽക്കവേ രണ്ടാംനിലയുടെ മുറ്റത്തേക്കു ബിജു കാല്‍വഴുതി വീണു. തലയ്ക്കും ശരീരമാസകലവും സാരമായ പരിക്കേറ്റ ബിജുവിനെ ആശുപത്രിയില്‍ കൊണ്ടുപോവുകയാണെന്നു സമീപവാസികളോടു പറഞ്ഞശേഷം പ്രതികള്‍ ഓട്ടോറിക്ഷയില്‍ അവിടെനിന്നു പോയി.
യാത്രയ്ക്കിടെ ബിജു മരിച്ചുവെന്നു മനസിലാക്കിയ പ്രതികള്‍ കോതമംഗലത്തെത്തി ബൈപാസ് റോഡില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
പിറ്റേന്നു നാട്ടുകാരാണു മൃതദേഹം കണ്ടത്. പരിശോധനയിൽ മൃതദേഹത്തിൽ മുറിവുകൾ കണ്ട പോലീസ് ബിജുവിന്റെ കൂട്ടുകാരെ 28നു നെടുങ്കണ്ടത്തുനിന്നു പിടികൂടി. ഓട്ടോയും കസ്റ്റഡിയിലെടുത്തു.
ബിജുവിനെ ആശുപത്രിയിലാക്കിയാല്‍ പണം ചെലവാക്കേണ്ടി വരുമെന്നതിനാലാണു റോഡരികിൽ ഉപേക്ഷിച്ചതെന്നു ചോദ്യംചെയ്യലില്‍ പ്രതികള്‍ വെളിപ്പെടുത്തി. വര്‍ഷങ്ങള്‍ക്കു മുമ്പു നാടുവിട്ടു
കോതമംഗലത്തെത്തിയ ബിജു ആദ്യകാലങ്ങളിൽ ചെമ്മീൻ കച്ചവടമായിരുന്നു. ചെമ്മീന്‍ ബിജു എന്ന പേരിൽ കോതമംഗലത്തുകാര്‍ക്ക് ഇയാൾ സുപരിചിതനാണ്.
മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചു. എസ്എച്ച്ഒ ബി. അനിൽ, എസ്ഐ ശ്യാംകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.