തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തില്‍ ആരെങ്കിലും വീട്ടില്‍ ഉണ്ടെങ്കില്‍ ആ വീട്ടിലെ കുട്ടിക്ക് നിരീക്ഷണ കാലാവധി അവസാനിച്ചശേഷം പോളിയോ തുള്ളി മരുന്ന് നല്‍കണം.
കോവിഡ് പോസിറ്റീവായ ആളുള്ള വീട്ടിലെ കുട്ടിക്ക് പരിശോധനാഫലം നെഗറ്റീവ് ആയതിനുശേഷം 14 ദിവസം കഴിഞ്ഞ് തുള്ളി മരുന്ന് നല്‍കാം.
അഞ്ചുവയസില്‍ താഴെയുള്ള കോവിഡ് പോസിറ്റീവ് ആയ കുട്ടിക്ക് പരിശോധനാഫലം നെഗറ്റീവായി നാല് ആഴ്ചയ്ക്ക് ശേഷം മാത്രമേ പോളിയോ തുള്ളിമരുന്ന് നല്‍കാവൂ.
രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് പോളിയോ ബൂത്തുകളുടെ പ്രവര്‍ത്തനസമയം. ആശുപത്രികളില്‍ പോളിയോ ബൂത്തുകള്‍ ഒപി, ഐപി വിഭാഗങ്ങളില്‍ നിന്ന് ദൂരെയായി ക്രമീകരിക്കാനും പ്രത്യേകം പ്രവേശനകവാടമുള്ള തിരക്കില്ലാത്ത ഭാഗത്ത് ബൂത്ത് പ്രവര്‍ത്തിപ്പിക്കാനുമുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ബൂത്തിനായി തെരഞ്ഞെടുക്കുന്ന മുറി വായുസഞ്ചാരം ഉള്ളതും അകത്തേക്ക് പ്രവേശിക്കുവാനും പുറത്തേക്കു കടക്കുവാനും പ്രത്യേകം വാതിലുകള്‍ ഉള്ളതുമായിരിക്കണം.
രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്
ഒരു സമയം അഞ്ചു കുട്ടികളില്‍ കൂടുതല്‍ ബൂത്തില്‍ അനുവദിക്കില്ല. അതിനാല്‍ പള്‍സ് പോളിയോ ഇമ്യൂണൈസേഷനായി നല്‍കിയിട്ടുള്ള സമയ പ്രകാരം കുട്ടികളെ ബൂത്തില്‍ എത്തിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. ബൂത്തിലുള്ളവര്‍ തമ്മില്‍ രണ്ടു മീറ്റര്‍ അകലം പാലിക്കണം. തുള്ളിമരുന്ന് കൊടുക്കാൻ കുട്ടിയുടെ കൂടെ ഒരാളെ മാത്രമേ ബൂത്തില്‍ പ്രവേശിപ്പിക്കുകയുള്ളൂ. കുട്ടിയുടെ കൂടെ വരുന്നവരെല്ലാം മാസ്ക് ധരിക്കണം.
നാലാഴ്ചയ്ക്കുള്ളില്‍ കോവിഡ് പോസിറ്റീവ് ആയിട്ടുള്ള കുട്ടികള്‍, രക്ഷാകര്ത്താക്കള്, പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവര്‍ പോളിയോ ഇമ്യൂണൈസേഷന് ബൂത്തില്‍ എത്താൻ പാടില്ല. 60 വയസിനുമേല്‍ പ്രായമുള്ളവരും കുട്ടികളെ വാക്സിന് എടുക്കാന്‍ കൊണ്ടുവരുന്നത് ഒഴിവാക്കേണ്ടതാണ്.
കുട്ടികളും രക്ഷാകര്‍ത്താക്കളും ബൂത്തില്‍ പ്രവേശിക്കുന്നതിന് മുമ്പും ശേഷവും വീട്ടിലെത്തയ ഉടനയും കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണം. തുള്ളി മരുന്ന് നല്കുമ്പോള് ഡ്രോപ്പര്‍ വായില്‍ സ്പര്‍ശിക്കാത്ത വിധത്തില്‍ കുട്ടിയെ ഇരുത്തുകയും വേണം.