സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: കൃഷിക്ക് ഏറ്റവും അനുയോജ്യം നാടൻ പശുക്കളുടെ ചാണകമാണെന്നും വിദേശയിനം പശുക്കളുടേതിന് ഗുണമേന്മ കുറവാണെന്നുമുള്ള പരന്പരാഗത കാഴ്ചപ്പാടിനെ പൊളിച്ചെഴുതി പ്ലസ് വൺ വിദ്യാർഥിനിയുടെ പരീക്ഷണം.
ബല്ല ഈസ്റ്റ് ജിഎച്ച്എസ്എസിലെ പ്ലസ് വൺ സയൻസ് വിദ്യാർഥിനി എം.അരുണിമ തന്റെ വീട്ടിൽ നടത്തിയ പരീക്ഷണത്തിൽ നെതർലാൻഡ്സ് ഇനമായ ഹോൾസ്റ്റീൻ പശുക്കളുടെ (എച്ച്എഫ്) ചാണകം ഉപയോഗിച്ചു നടത്തിയ കൃഷിയിൽ നാടൻ പശുക്കളുടെ ചാണകം ഉപയോഗിച്ചുള്ള കൃഷിയേക്കാൾ ഇരട്ടിയിലധികമാണ് പച്ചക്കറികൾ വളർച്ച നേടിയിരിക്കുന്നത്.
പുല്ലൂർ പൊള്ളക്കട സ്വദേശിനിയായ അരുണിമയുടെ ഈ കണ്ടുപിടിത്തം സർവശിക്ഷ അഭിയാന്റെ ശാസ്ത്രപഥം എന്ന ശാസ്ത്രമേളയുടെ സംസ്ഥാനതലത്തിലേക്ക് കാസർഗോഡ് ജില്ലയിൽനിന്നുള്ള എൻട്രിയാണ്.
പെരിയയിലെ കപില ഗോശാലയിൽനിന്ന് എട്ടു നാടൻ പശുക്കളുടെയും അയൽപക്കത്തുനിന്ന് ഹോൾസ്റ്റീൻ പശുവിന്റെയും ചാണകം അരുണിമ ശേഖരിച്ചു.
കേരളത്തിൽനിന്നുള്ള കാസർഗോഡ് കുള്ളൻ, വെച്ചൂർ, കർണാടകയിൽനിന്നുള്ള ഗിഡ്ഡ, ഹല്ലികർ, തമിഴ്നാട്ടിൽനിന്നുള്ള കാങ്കയം, ആന്ധ്രയിൽനിന്നുള്ള ഓങ്കോൾ, ഗുജറാത്തിൽനിന്നുള്ള ഗിർ, കാങ്ക്റേജ് എന്നിവയായിരുന്നു നാടൻ ഇനങ്ങൾ. ഇവ വെവ്വേറെ ഉണക്കിപ്പൊടിച്ചു.
ഒരേസ്ഥലത്തുനിന്നും കല്ല് നീക്കം ചെയ്തു മണ്ണ് ശേഖരിച്ചു. ഓരോ പശുക്കളുടെയും ചാണകപ്പൊടി വെവ്വേറെയെടുത്ത് മണ്ണുമായി കൂട്ടിക്കലർത്തി വിവിധ കപ്പുകളിലാക്കി പയർ, വെണ്ട, കടുക് എന്നിവ കൃഷിചെയ്തു.
300 കപ്പുകളിലായാണ് ഈ മൂന്നു വിളകളും നട്ടത്. ഒരു വളവും ഉപയോഗിക്കാതെ വെറും മണ്ണിലും വിത്തുകൾ നട്ടു. 60 ദിവസത്തെ പരിചരണത്തിനുശേഷമുണ്ടായ ഫലം അത്ഭുതകരമായിരുന്നു.
ഹോൾസ്റ്റീൻ പശുക്കളുടെ ചാണകം ഉപയോഗിച്ചു കൃഷിചെയ്ത പയർ 128 സെന്റിമീറ്റർ വളർച്ച നേടി. രണ്ടാംസ്ഥാനത്തുള്ള കാങ്കയം ഇനം പശുവിന്റെ ചാണകവളം ഉപയോഗിച്ച പയർ 60 സെന്റിമീറ്റർ മാത്രമാണു വളർച്ച നേടിയത്.
കാങ്കറേജ്- 58 സെന്റിമീറ്റർ, ഹല്ലികർ-51 സെന്റിമീറ്റർ, ഓങ്കോൾ-50 സെന്റിമീറ്റർ എന്നിങ്ങനെയാണ് മറ്റു പശുക്കളുടെ ചാണകം നൽകിയ വിളവ്.
കേരളത്തിന്റെ നാടൻ ഇനങ്ങളായ കാസർഗോഡ് കുള്ളനും വെച്ചൂരിനുമാണ് ഏറ്റവും കുറഞ്ഞ വളർച്ച. വെറും 22 സെന്റീമീറ്റർ. ഹോൾസ്റ്റീൻ ചാണകമുപയോഗിച്ച പയർവള്ളിക്ക് 0.8 സെന്റിമീറ്റർ വണ്ണമുണ്ട്. ഇതും മറ്റു വിളകളുമായി താരതമ്യപ്പെടുത്തുന്പോൾ ഇരട്ടിയാണ്.
കൗതുകത്തിനായാണ് അരുണിമ പരീക്ഷണം നടത്തിയതെന്നും ഒരു ലാബിന്റെ സഹായമില്ലാതെ ആർക്കു വേണമെങ്കിലും ഇത് സ്വയം ബോധ്യപ്പെടാവുന്നതാണെന്നും അരുണിമയുടെ ഗൈഡും കേരള കേന്ദ്രസർവകലാശാല പ്ലാന്റ് സയൻസ് അസി.പ്രഫസറുമായ ഡോ.ജാസ്മിൻ എം.ഷാ പറഞ്ഞു.
ഇതിന്റെ വിളവ് കൂടി ലഭിക്കുന്പോൾ മാത്രമേ പരീക്ഷണം പൂർത്തിയാകുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.