തൊടുപുഴ: കാലാവസ്ഥാ വ്യതിയാനം ജില്ലയിലെ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. മൂന്നാർ ഉൾപ്പെടെയുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം പൊതുവേ തണുപ്പ് അനുഭവപ്പെടുന്ന നവംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവ് ഇക്കുറി മഴയിൽ മുങ്ങി.
രണ്ടുദിവസംമുന്പ് മൂന്നാറിലെ പ്രധാന സ്ഥലങ്ങളിലെല്ലാം തണുപ്പ് മൈനസ് ഡിഗ്രിയിലേക്ക് എത്തിയിരുന്നു. എന്നാൽ ഇന്നലെമുതൽ വീണ്ടും മൂടിക്കെട്ടിയ അന്തരീക്ഷം തണുപ്പിനെ അകറ്റുകയാണ്.
മൂന്നാറിലെ തണുപ്പ് ആസ്വദിക്കാൻ സ്വദേശികളും വിദേശികളുമായ നൂറുകണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്. കോവിഡ് മൂലം വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും സഞ്ചാരികൾ എത്താതാകുകയും ചെയ്തത് വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടി സൃഷ്ടിച്ചിരുന്നു.
ഇതോടെ ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഹോട്ടലുകൾ, റിസോർട്ടുകൾ, ചെറുകിട വ്യാപാരസ്ഥാപനങ്ങൾ, ടാക്സി ഡ്രൈവർമാർ തുടങ്ങി ആയിരക്കണക്കിനാളുകളുടെ ജീവിതമാർഗത്തെ ഇതു പ്രതികൂലമായി ബാധിച്ചു.
എന്നാൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുകയും ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുകയും ചെയ്തതോടെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെല്ലാം ഏതാനും ദിവസങ്ങളായി ഉണർവിന്റെ പാതയിലായിരുന്നു.
റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു ലഭിച്ച പൊതു അവധികൂടി വന്നതോടെ മൂന്നാർ, തേക്കടി, വാഗമണ് അടക്കമുള്ള സ്ഥലങ്ങൾ സഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരുന്നു.
മൂന്നാറിൽ തണുപ്പ് മൈനസ് ഡിഗ്രിയിലെത്തിയതോടെ കുളിരണിഞ്ഞ മൂന്നാറിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കുതന്നെയുണ്ടായി. എന്നാൽ കാലാവസ്ഥയിൽ വേഗത്തിലുണ്ടാകുന്ന വ്യതിയാനം ടൂറിസം മേഖലയ്ക്കു കനത്ത തിരിച്ചടിയാകുകയാണ്.
ഈവർഷത്തെ ടൂറിസം സീസണ് നഷ്ടമാകുന്നതിനും ഇതു കാരണമാകും. 2018-ലെ മഹാപ്രളയം മുതൽ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെല്ലാം വലിയ പ്രതിസന്ധിയിലാണ്.
ബിസിനസ് കുറഞ്ഞതോടെ നിരവധി റിസോർട്ടുകളും ഹോട്ടലുകളും അടച്ചുപൂട്ടുന്ന സാഹചര്യമുണ്ടായി. ഈ മേഖലയിൽ ജോലി ചെയ്തുവന്നിരുന്ന നിരവധിപേർ മറ്റു തൊഴിലുകൾതേടി പോകേണ്ടിവന്നു.
പ്രളയവും മഹാമാരിയും വിനോദസഞ്ചാര മേഖലയ്ക്കു സൃഷ്ടിച്ച ആഘാതത്തിൽനിന്നു കരകയറാനുള്ള ശ്രമത്തിനിടെയുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം ജില്ലയിലെ ടൂറിസം മേഖലയ്ക്ക് ഇരുട്ടടിയായി മാറുകയാണ്.
മൂന്നാർ ഹാക്കത്തോണിന് തുടക്കമായി
ഇടുക്കി: കോഡ് -4 മൂന്നാർ ഹാക്കത്തോണിന് തുടക്കമായി. മൂന്നാറിലേക്ക് സഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ക്യൂ ആർ കോഡ് ആപ്പുമായി ബന്ധപ്പെട്ടാണ് ഹാക്കത്തോണിന് രൂപം നൽകിയത്.
മൂന്നാർ എൻജിനിയറിംഗ് കോളജിൽ ആരംഭിച്ച ഹാക്കത്തോണിന്റെ ഉദ്ഘാടനം ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി നിർവഹിച്ചു. മൂന്നാറിന്റെ പ്രധാന സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വഴികളും സ്ഥലങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ സന്ദർശകർക്ക് ആപ്പ് വഴി ലഭ്യമാക്കുന്നതാണ് ക്യൂ ആർ കോഡ് ആപ്പ് പദ്ധതി.
ഈ വെബ്സൈറ്റിലേക്ക് നയിക്കുന്ന ക്യൂ ആർ കോഡുകൾ പതിച്ച സ്റ്റിക്കറുകൾ പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും ഹോട്ടലുകളിലും പതിപ്പിച്ച് സഞ്ചാരികൾക്ക് ലഭ്യമാക്കും. ആപ്പിന്റെ പൂർത്തീകരണത്തിനായി മൂന്നാറിനെ വിവിധ മേഖലകളായി തിരിച്ച് വിവരശേഖരണം നടത്തി.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വെബ്സൈറ്റുൾപ്പെടെ നിർമിക്കുന്ന സാങ്കേതിക പ്രവർത്തനമാണ് കോഡ് 4 മൂന്നാർ ഹാക്കത്തോണിലൂടെ ലക്ഷ്യമിട്ടിട്ടുള്ളത്.
യോഗത്തിൽ ദേവികുളം സബ്കളക്ടർ പ്രേം കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിബ്ജിയോർ പ്രോജക്ട് കോ-ഓർഡിനേറ്റർ ക്ലയർ സി ജോണ്, കോഡ് 4 മൂന്നാർ ടെക്നിക്കൽ കോ-ഓർഡിനേറ്റർ എം.നദീം, പഞ്ചായത്ത് പ്രസിഡന്റ് എം. മണിമൊഴി, സെക്രട്ടറി ഡോ. അജിത്ത് കുമാർ, തഹസീൽദാർ ജിജി എം. കുന്നപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.