കോട്ടയം: ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്നും ടണ്‍ കണക്കിനു ചക്ക അതിർത്തി കടക്കുന്നു. തമിഴ്നാട്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും ചക്ക കയറ്റിവിടുന്നത്. കേരളത്തിൽ ഇപ്പോൾ ചക്കയുടെ സീസണാണ്.
കാലാവസ്ഥാവ്യതിയാനം മൂലം ഇത്തവണ കിഴക്കൻ മേഖലയിൽ ഉൾപ്പെടെ പലയിടങ്ങളിലും ചക്കയുടെ ഉത്പാദനം കുറഞ്ഞെങ്കിലും മൂപ്പെത്തിയ ചക്ക തേടി ആളുകൾ ഗ്രാമങ്ങളിലെ വീടുകൾ കയറിയിറങ്ങുകയാണ്. മൂൻ കാലങ്ങളിൽ തമിഴ്നാട്ടിൽ നിന്നാണ് കച്ചവടക്കാർ അധികമെത്തിയിരുന്നതെങ്കിൽ ഇപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ എത്തുന്നുണ്ട്.
അതേപോലെ വരിക്കച്ചക്ക മാത്രം തേടി വന്നിരുന്നവർ ഇപ്പോൾ എതു ചക്കയും ശേഖരിക്കും. ഉൾഗ്രാമങ്ങളിൽ നിന്നും ചക്ക ശേഖരിച്ച് ദേശീയ പാതയോരത്ത് എത്തിച്ചാണ് കയറ്റി അയയ്ക്കുന്നത്. കഴിഞ്ഞ ഒരുമാസമായി കെകെ റോഡിൽ പാറത്തോട്, മുണ്ടക്കയം, എരുമേലി, പൂഞ്ഞാർ മേഖലകളിലാണ് ചക്ക എത്തിച്ച് കയറ്റി അയയ്ക്കുന്നത്.
ചെറിയ പിക്കപ്പ് ലോറികളിൽ ഐസ്കട്ടകൾ അടുക്കി ശീതീകരിച്ചാണ് ചക്ക കയറ്റി അയയ്ക്കുന്നത്. ഇതരനാടുകളിൽ ഭക്ഷണമെന്നതിനു പുറമേ വ്യാവസായിക ആവശ്യങ്ങൾക്കും ചക്ക ഉപയോഗിക്കുന്നുണ്ട്.
തൂക്കമനുസരിച്ച് ഇടിച്ചക്കയ്ക്ക് 30 മുതൽ 50 രൂപ വരെ ലഭിക്കുന്നുണ്ട്. പൂർണവളർച്ചയെത്തിയ മൂപ്പെത്തിയ ചക്കയ്ക്ക് 100 രൂപ വരെ ചിലയിടങ്ങളിൽ ലഭിക്കുന്നുണ്ട്.
പ്ലാവ് മൊത്തത്തിൽ മതിച്ചു വില നൽകി ചക്ക വാങ്ങുന്നവരുമുണ്ട്. ഇവ താഴെ വീഴാതെയാണ് പറിച്ചെടുക്കുന്നത്. ഒരു ദിവസം 10 മുതൽ 12 വരെ ലോറികളാണ് മുണ്ടക്കയം പ്രദേശത്തു നിന്നും കയറിപ്പോകുന്നത്.