ചെന്നൈ: ശശികലയുടെ ജയിൽമോചനത്തോടെ തമിഴ്നാട് രാഷ്ട്രീയം വീണ്ടും കലങ്ങിമറിയുന്നു. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലതന്നെയാണെന്നും പാർട്ടി യോഗം വിളിക്കാനുള്ള അധികാരം അവർക്കുണ്ടെന്നും വ്യക്തമാക്കി ടി.ടി.വി. ദിനകരൻ രംഗത്തെത്തി.
അണ്ണാ ഡിഎംകെയുടെ കൊടിവച്ച കാറിൽ ശശികല സഞ്ചരിച്ചതിൽ എതിർപ്പുമായി പാർട്ടിതന്നെ രംഗത്തുവന്നിരുന്ന സാഹചര്യത്തിലാണ് ദിനകരന്റെ പ്രതികരണം.
ജയലളിതയുടെ ട്രേഡ്മാർക്ക് കാറായ ടൊയോട്ട പ്രാഡോയിൽ പാർട്ടി കൊടി നാട്ടി ശശികല സഞ്ചരിച്ചത് പാർട്ടി താത്പര്യങ്ങൾക്കു വിരുദ്ധമാണെന്ന് മുതിർന്ന നേതാവും മന്ത്രിയുമായ ഡി. ജയകുമാർ പ്രസ്താവിച്ചിരുന്നു. വാഹനത്തിൽ കൊടി ഉപയോഗിക്കാൻ ശശികലയ്ക്ക് അവകാശമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം കൊടിവച്ച കാറിൽ സഞ്ചരിച്ച് തന്റെ അണികൾക്ക് കൃത്യമായ രാഷ്ട്രീയ സന്ദേശമാണ് ശശികല നൽകിയതെന്ന് വിലയിരുത്തപ്പെടുന്നു. അതിനു പിന്നാലെയാണ് പ്രസ്താവനയുമായി ദിനകരൻ രംഗത്തുവന്നത്.
അണ്ണാ ഡിഎംകെ എക്സിക്യുട്ടീവ് കമ്മിറ്റി ഉടൻ വിളിച്ചു ചേർക്കുമെന്നും അതിനുള്ള അധികാരം ശശികലയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ നേതാക്കൾ തങ്ങൾക്കൊപ്പം വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.