കോഴിക്കോട്: സമൂഹമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന പെണ്‍കുട്ടികളെ വലയിലാക്കാന്‍ സൈബര്‍ സംഘം സജീവം. പെണ്‍കുട്ടികളുടെ സൈബര്‍ ലോകത്തെ ഇടപെടലുകള്‍ സസൂക്ഷമം നിരീക്ഷിച്ചാണ് സൈബര്‍ സംഘം ഇവരെ കെണിയിലാക്കി തട്ടിപ്പ് നടത്തുന്നത്.
സമൂഹമാധ്യമത്തിൽ സജീവമെങ്കിൽ സൂക്ഷിക്കുക
ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം, വാട്സാപ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ സജീവമായ പെണ്‍കുട്ടികളെയാണ് ഇവര്‍ ഇരകളാകുന്നതെന്ന് പോലീസ് പറയുന്നു.
സമൂഹമാധ്യമത്തില്‍ സജീവമായ പെണ്‍കുട്ടികളെ പരിചയപ്പെടുകയും ഇവരെ വിവിധ നടീനടന്മാരുടെ ആരാധകക്കൂട്ടായ്മകളില്‍ അംഗമാക്കാന്‍ ക്ഷണിക്കുകയുമാണ് ആദ്യം ചെയ്യുന്നത്. സൗഹൃദം സ്ഥാപിച്ച് ഫോട്ടോ അയച്ചു നല്കാന് പിന്നീട് പ്രേരിപ്പിക്കും.
സ്വകാര്യ ചിത്രങ്ങള്‍ അയച്ചു നല്കാന് വിസമ്മതിച്ചാല്‍ മറ്റു ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും പോലീസ് പറഞ്ഞു.
നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണി
പ്രമുഖ നടീനടന്മാരുടെ സോഷ്യല്‍ മീഡിയകളിലെ ഫാന്‍ പേജുകളില്‍ അംഗമാക്കാമെന്നു വിശ്വസിപ്പിച്ചു സൗഹൃദം സ്ഥാപിച്ച ശേഷം നഗ്നചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തിയ സംഭവങ്ങളില്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട ഒരു കൗമാരക്കാരന് കൊല്ലം സൈബര്‍ സെല്ലിന്റെ പിടിയിലായിരുന്നു.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നിരവധി പേര് ചതിക്കുഴിയില്‍ അകപ്പെട്ടതായി കണ്ടെത്തിയത്. ഇതിന് പുറമേ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി, ഫേസ്്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം കുട്ടികളെയും വീട്ടമ്മമാരെയും പ്രണയത്തില്‍ വീഴ്ത്തി ചതിക്കുന്ന സംഘവും സജീവമാണ്.
അപരിചിതരുമായി ചങ്ങാത്തം വേണോ?
കോവിഡ് സാഹചര്യത്തില്‍ പഠനം ഓണ്‍ലൈന്‍ ആയതോടുകൂടി കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗവും വളരെ കൂടിയിട്ടുണ്ട്. അതിനാടൊപ്പം തന്നെ കുട്ടികള്‍ക്ക് നേരെ ഓണ്‍ലൈന്‍ അതിക്രമങ്ങളും വര്‍ധിക്കുന്നുണ്ട്.
ഓണ്‍ലൈന്‍ പഠനത്തിനായി നല്‍കിയിട്ടുള്ള മൊബൈല്‍ ഫോണും ലാപ്ടോപും അവര്‍ സൂക്ഷ്മതയോടെ ഉപയോഗിക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണം. സമൂഹമാധ്യമ ഉപയോഗത്തില്‍ സ്വയം പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തുക.
അപരിചിതരുമായി ചങ്ങാത്തം സ്ഥാപിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പോലീസ് അറിയിച്ചു. ഇന്റര്‍നെറ്റില്‍ സ്വകാര്യ ചിത്രങ്ങള്‍ പങ്കുവയ്ക്കപ്പെട്ടാല്‍ അവ തിരിച്ചെടുക്കാനോ പൂര്‍ണമായി മായ്ക്കാനോ സാധ്യമല്ല.
ആര്‍ക്കെങ്കിലും സ്വകാര്യ ചിത്രങ്ങള്‍ അയച്ചു നല്കിയാല് അയാള്‍ അവ ആരുമായി പങ്കുവയ്ക്കുന്നു, ഏതു മാധ്യമത്തില്‍ സൂക്ഷിച്ചുവയ്ക്കുന്നു, ഏതു വിധത്തില്‍ സൂക്ഷിക്കുന്നു എന്നിവ കണ്ടെത്തല്‍ ദുഷ്കരമാണ്.
കുട്ടികള്‍ സമൂഹമാധ്യമങ്ങളിലൂടെ ആരോടൊക്കെ ഇടപെടുന്നു എന്നത് രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം. ദേഷ്യം, നിരാശ, സങ്കടം, ഉറക്കക്കുറവ് എന്നിങ്ങനെ കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റങ്ങള്‍ ശ്രദ്ധിക്കണം.
അനാവശ്യമായ കോളുകളും സന്ദേശങ്ങളും ബ്ലോക്ക് ചെയ്യുക. ആരോടൊക്കെയാണു കുട്ടി ആശയവിനിമയം നടത്തുന്നതെന്നു ചോദിച്ചറിയാനുള്ള അടുത്ത സ്വാതന്ത്ര്യം കുട്ടികളും രക്ഷിതാക്കളും തമ്മില്‍ ഉണ്ടാകണം.