കോഴിക്കോട്: സമൂഹമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന പെണ്‍കുട്ടികളെ വലയിലാക്കാന്‍ സൈബര്‍ സംഘം സജീവം. പെണ്‍കുട്ടികളുടെ സൈബര്‍ ലോകത്തെ ഇടപെടലുകള്‍ സസൂക്ഷ്മം നിരീക്ഷിച്ചാണ് സൈബര്‍ സംഘം ഇവരെ കെണിയിലാക്കി തട്ടിപ്പ് നടത്തുന്നത്.
ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്, ടെലിഗ്രാം, വാട്സാപ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ സജീവമായ പെണ്‍കുട്ടികളെയാണ് ഇവര്‍ ഇരകളാക്കുന്നതെന്നാണ് പോലീസ് പറയുന്നത്.
സമൂഹമാധ്യമത്തില്‍ സജീവമായ പെണ്‍കുട്ടികളെ പരിചയപ്പെടുകയും ഇവരെ വിവിധ നടീനടന്മാരുടെ ഫാൻസ് അസോസിയേഷനുകളില്‍ അംഗമാക്കാന്‍ ക്ഷണിക്കുകയുമാണ് ആദ്യം ചെയ്യുന്നത്.
സൗഹൃദം സ്ഥാപിച്ച്, ഫോട്ടോ അയച്ചു നല്കാന് പിന്നീട് പ്രേരിപ്പിക്കും. സ്വകാര്യ ചിത്രങ്ങള്‍ അയച്ചു നല്കാന് വിസമ്മതിച്ചാല്‍ മറ്റു ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും പോലീസ് പറഞ്ഞു.
ഒരു കൗമാരക്കാരന് കൊല്ലം സൈബര്‍ സെല്ലിന്റെ പിടിയിലായിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നിരവധി പേര് ചതിക്കുഴിയില്‍ അകപ്പെട്ടതായി കണ്ടെത്തിയത്.
കോവിഡ് സാഹചര്യത്തില്‍ പഠനം ഓണ്‍ലൈന്‍ ആയതോടുകൂടി കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗവും വളരെ കൂടിയിട്ടുണ്ട്. അതിനോടൊപ്പം തന്നെ കുട്ടികള്‍ക്ക് നേരെ ഓണ്‍ലൈന്‍ അതിക്രമങ്ങളും വര്‍ധിക്കുന്നുണ്ട്.
ഓണ്‍ലൈന്‍ പഠനത്തിനു കുട്ടികള്‍ക്കു നല്‍കിയിട്ടുള്ള മൊബൈല്‍ ഫോണും ലാപ്ടോപ് കംപ്യൂട്ടറും അവര്‍ സൂക്ഷ്മതയോടെ ഉപയോഗിക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണം.
സമൂഹമാധ്യമ ഉപയോഗത്തില്‍ സ്വയം പ്രോട്ടോകോള്‍ ഏര്‍പ്പെടുത്തുകയാണു വേണ്ടത്. അപരിചിതരുമായി ചങ്ങാത്തം സ്ഥാപിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പോലീസ് അറിയിച്ചു.
ഇന്റര്‍നെറ്റില്‍ സ്വകാര്യ ചിത്രങ്ങള്‍ പങ്കുവയ്ക്കപ്പെട്ടാല്‍ അവ തിരിച്ചെടുക്കാനോ പൂര്‍ണമായി മായ്ക്കാനോ സാധ്യമല്ല. ആര്‍ക്കെങ്കിലും സ്വകാര്യ ചിത്രങ്ങള്‍ അയച്ചു നല്കിയാല് അയാള്‍ അവ ആരുമായി പങ്കുവയ്ക്കുന്നു, ഏതു മാധ്യമത്തില്‍ സൂക്ഷിച്ചുവയ്ക്കുന്നു, ഏതു വിധത്തില്‍ സൂക്ഷിക്കുന്നു എന്നിവ കണ്ടെത്തല്‍ ദുഷ്കരമാണ്.