മന് കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ച എന്‍.എസ്. രാജപ്പനു സാമ്പത്തിക സഹായവുമായി ബോബി ചെമ്മണൂര്‍. രാജപ്പനെ നേരില്‍ക്കണ്ട് അഭിനന്ദിച്ച ബോബി വീടു വയ്ക്കാനുള്ള സാമ്പത്തിക സഹായം കൈമാറി. ബോബിയുടെ പ്രവൃത്തിയ്ക്ക് കൈയ്യടിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.
നടക്കാനാകില്ലെങ്കിലും തുഴഞ്ഞെത്തി വേമ്പനാട്ടു കായലിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കുന്ന രാജപ്പനു മോട്ടോര്‍ ഘടിപ്പിച്ച വള്ളം സമ്മാനമായി നല്‍കാനാണു ബോബി എത്തിയത്.
എന്നാല്‍, വള്ളം വാങ്ങി നല്കാന് മറ്റൊരു സംഘടന മുന്നോട്ടു വന്നതോടെ രാജപ്പനു വീടു വയ്ക്കാന്‍ സാമ്പത്തിക സഹായം നല്കാന് ബോബി തീരുമാനിക്കുകയായിരുന്നു. കുമരകം മഞ്ചാടിക്കരി സ്വദേശിയായ രാജപ്പനു ചെറുപ്പത്തില്‍ പോളിയോ ബാധിച്ചു രണ്ടുകാലും തളര്ന്നതിനാല് നടക്കാനാവില്ല.
കണ്ടുവളര്‍ന്ന മീനച്ചിലാറും കായലും മലിനമാകുന്നതിലുള്ള സങ്കടമാണ് അദ്ദേഹത്തെ പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി വൃത്തിയാക്കാന്‍ പ്രേരിപ്പിച്ചത്. മറ്റു ജോലികള്‍ ചെയ്യാന്‍ ആരോഗ്യം സമ്മതിക്കാത്തതിനാല്‍ ഈ പണി ഉപജീവന മാര്‍ഗവുമായി.
കുപ്പികള്‍ വിറ്റുകിട്ടുന്ന തുച്ഛമായ തുകയാണു രാജപ്പന്റെ വരുമാനം. വികലാംഗ പെന്‍ഷനുമുണ്ട്. അവിവാഹിതനായ രാജപ്പന് തോട്ടുവക്കത്തെ പ്രളയത്തില്‍ തകര്‍ന്നു ശോച്യാവസ്ഥയിലായ വീട്ടിലാണു താമസിക്കുന്നത്. പുതിയ വീടെന്ന സ്വപ്നം സഫലമാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണു രാജപ്പന്.