കാസർഗോഡ്: ദക്ഷിണേന്ത്യയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ഹൈടെക് ആട് ഫാം നിര്‍മാണോദ്ഘാടനം ബേഡഡുക്കയില്‍ നാളെ കൊളത്തൂര്‍ ജിഎല്‍പി സ്കൂളില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു നിര്‍വഹിക്കും.
22.74 ഏക്കര്‍ സ്ഥലത്ത് നല്ലയിനം മലബാറി ആടുകളുടെ ഉത്പാദനം, പാലുത്പാദനം, മാംസോത്പാദനം, ജൈവവളം ഉത്പാദനം എന്നിവ ലക്ഷ്യമിടുന്നു. സര്‍ക്കാറിന്റെ വിവിധ പദ്ധതികളിലേക്കുള്ള ആട്ടിന്‍ കുഞ്ഞുങ്ങളെ നല്‍കുക എന്നതാണ് ആദ്യ ലക്ഷ്യം. പിന്നീട് സ്വകാര്യ വ്യക്തികള്‍ക്കും നല്‍കും.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജനം വിഹിതമായ 1.78 കോടി രൂപ, കാസര്‍ഗോഡ് വികസന പാക്കേജില്‍നിന്ന് 1.54 കോടി രൂപ, വകുപ്പ് വിഹിതം 63 ലക്ഷം എന്നിവയടക്കം 3.95 കോടി രൂപയുടേതാണ് പദ്ധതി. ഇതിനുപുറമേ മതില് കെട്ടുന്നതിനായി 50 ലക്ഷം രൂപ അധിക തുകയായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു.
34 ലക്ഷം രൂപയ്ക്ക് മതില് നിര്‍മിച്ച് ബാക്കി തുക സര്‍ക്കാരിന് മടക്കി നല്കി. ആദ്യ ഘട്ടത്തില്‍ 900 പെണ്ണാടുകളെയും 100 ആണാടുകളേയും ജില്ലയിലെ ആട് കര്‍ഷകരില്‍ നിന്നുതന്നെ വാങ്ങിക്കാനാണ് പദ്ധതി.
ആദ്യ വര്‍ഷം ഉത്പാദിപ്പിക്കുന്ന പെണ്ണാടിന് കുഞ്ഞുങ്ങളെ ബേഡഡുക്കയിലെ കര്‍ഷകര്‍ക്ക് സൗജന്യമായി നല്കി ഒരു പ്രസവത്തിന് ശേഷം കുഞ്ഞിനെ അവര്‍ക്ക് നല്കി അമ്മയെ തിരികെ വാങ്ങാനുള്ള പദ്ധതിയും വകുപ്പിന്റെ ആലോചനയിലുണ്ട്.
ഇങ്ങനെ തിരിച്ചെടുക്കുന്നവയെ ഫാമില്‍ ലഭ്യമാവുന്ന മുറയ്ക്ക് ജില്ലയ്ക്ക് പുറത്തേക്ക് കൂടി നല്കാന് സാധിക്കും.
മുഴുവന്‍ മൃഗങ്ങളെയും ഇന്‍ഷ്വര്‍ ചെയ്ത് മഴ ആരംഭിക്കുന്നതിന് മുന്നേതന്നെ ഫാമിലേക്ക് എത്തിക്കുമെന്ന് പദ്ധതിക്ക് നേതൃത്വം നല്കുന്ന മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. പി.നാഗരാജ് പറഞ്ഞു.
ആധുനിക സൗകര്യങ്ങളോടെ 200 ആടുകളെ വീതം ഒന്നിച്ച് നിര്‍ത്താവുന്ന അഞ്ച് ആട് ഷെഡുകളും ഒരു ഓഫീസ് കെട്ടിടവുമാണ് ഉണ്ടാവുക.
ഇവിടെ രോഗബാധിതരായ ആടുകളെ ശുശ്രൂഷിക്കാനും, ഗര്‍ഭിണികളായ ആടുകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമായി പ്രത്യേകം സൗകര്യം സജ്ജമാക്കും. ആടുകള്‍ക്കാവശ്യമായ ഭക്ഷണവും ഇവിടെ തന്നെ ഉത്പാദിപ്പിക്കും.
ഓഫീസ് കെട്ടിടം പിഡബ്ല്യുഡിയും ആട് ഷെഡുകള്‍ ഹൗസിംഗ് ബോര്‍ഡുമാണ് നിര്‍മിച്ചുനല്‍കുക. ഷെഡുകളുടെ നിര്‍മാണ പ്രവര്‍ത്തനം ഫെബ്രുവരി ആദ്യവാരം ആരംഭിക്കും. ഓഫീസ് കെട്ടിടത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ പറഞ്ഞു.
ആടുകള്‍ക്ക് ഭക്ഷണത്തിനായി പ്രാഥമിക ഘട്ടത്തില്‍ ആയിരം പ്ലാവുകള്‍ ഈ പ്രദേശത്ത് നട്ടിരുന്നു. മടിക്കൈ മാംസ സംസ്കരണശാലയിലേക്ക് ആവശ്യമായി വരുന്ന മാംസത്തിന് ആട്ഫാമില് നിന്ന് മുട്ടനാടുകളെ നല്‍കാനും പദ്ധതിയുണ്ടെന്നും ബേഡഡുക്ക ഹൈടെക് ആട് ഫാം സ്പെഷല്‍ ഓഫീസര്‍ ഡോ. ടിറ്റോ ജോസഫ് പറഞ്ഞു.