ഇരിട്ടി: ഷിഗെല്ല ബാക്ടീരിയ ബാധയെത്തുടർന്ന് ഇരിട്ടി പയഞ്ചേരിമുക്കിലെ ഒന്പതു വയസുകാരിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതോടെ ആരോഗ്യവകുപ്പ് പ്രതിരോധനടപടികൾ ശക്തമാക്കി. താലൂക്ക് ആശുപത്രിയിൽ വയറിളക്കത്തെത്തുടർന്ന് ചികിത്സതേടിയ കുട്ടിക്ക് വയറിളക്കം മൂർച്ഛിച്ചതിനെത്തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇവിടെ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല ബാധ സ്ഥിരീകരിച്ചത്. ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചുവെന്നതല്ലാതെ ഇവർ ദൂരയാത്ര പോയിട്ടില്ലെന്നതാണ് ആരോഗ്യവകുപ്പിന് ലഭിച്ച വിവരം.
ഹെൽത്ത് സൂപ്പർവൈസർ എം. വേണുഗോപാൽ, ഹെൽത്ത് ഇൻസ്പെക്ടർ ഇ. മനോജ്, ജെപിഎച്ച്എൻ കെ.എസ്. ഗിരിജ എന്നിവരടങ്ങുന്ന ആരോഗ്യവകുപ്പ് സംഘം രോഗബാധിതയുടെ വീട്ടിലെത്തിയെങ്കിലും കുടുംബാംഗങ്ങൾ ആശുപത്രിയിൽ പോയിരുന്നതിനാൽ വീട് അടച്ചിട്ടനിലയിലായിരുന്നു.
സമീപപ്രദേശത്ത് ആർക്കും രോഗലക്ഷണങ്ങളില്ല. ഇവർ ഉപയോഗിക്കുന്ന കിണറിലെ വെള്ളം പരിശോധനയ്ക്ക് അയയ്ക്കും. ഇന്ന് സമീപത്തെ കിണറുകളിൽ ക്ലോറിനേഷൻ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.