തൃശൂർ: പതിനൊന്നു പേരുടെ ഭൂമിക്കായുള്ള അപേക്ഷകൾ നെഞ്ചോടുചേർത്ത് പിടിച്ച് റുഖിയ പറയുന്നു, എനിക്ക് എന്തെന്നില്ലാത്ത സന്തോഷമുണ്ട് ഇപ്പോൾ. കൈവശ ഭൂമിക്ക് അവകാശം ലഭിക്കാൻ പതിനൊന്നു ഭൂരഹിത തൊഴിലാളി കുടുംബങ്ങളാണ് വർഷങ്ങളായി അലയുന്നത്.
ഇപ്പോൾ ഭൂമി സ്വന്തമായി അവർക്കു കൈവന്നു ചേരാൻ പോകുകയാണ്. തൃശൂർ മുനിസിപ്പൽ ടൗണ്ഹാളിൽ നടന്ന സാന്ത്വനസ്പർശം അദാലത്തിലാണ് റുഖിയയുടെ, അല്ല അവരുടെ അയൽവാസികളുടെ ഭൂമിക്കുവേണ്ടിയുള്ള പോരാട്ടത്തിനു പരിഹാരമായത്.
ഒല്ലൂക്കര പഞ്ചായത്തിലെ പട്ടാളക്കുന്നിലെ പതിനൊന്നു ഭൂരഹിത തൊഴിലാളി കുടുംബങ്ങൾക്കു വേണ്ടിയാണു മണ്ണുത്തി കുഴിവീട്ടിൽ റുഖിയ മുഹമ്മദ് അദാലത്തിൽ പ്രശ്ന പരിഹാരം തേടിയെത്തിയത്.
1985ൽ അന്നത്തെ ഒല്ലൂക്കര പഞ്ചായത്ത് അധികാരികൾ ഭൂവുടമകളിൽ നിന്ന് സ്ഥലം വാങ്ങിയാണു ഭൂരഹിത തൊഴിലാളി കുടുംബങ്ങൾക്കു പട്ടയം നൽകാൻ തീരുമാനിച്ചത്.
തുടർന്ന് ഒല്ലൂക്കര വില്ലേജിൽപ്പെട്ട ഒല്ലൂക്കര പഞ്ചായത്തിലെ പട്ടാളക്കുന്ന് പ്രദേശത്തെ 41 കുടുംബങ്ങളിൽ വിവിധ കുടുംബങ്ങൾക്ക് 1987, 2000, 2005 കാലഘട്ടങ്ങളിൽ പട്ടയം നൽകി. ഇതിൽ റുഖിയയും കുടുംബവും ഉൾപ്പെട്ടിരുന്നു.
ഇതിനിടയിൽ പഞ്ചായത്ത് കോർപറേഷൻ പരിധിയിലേക്കു മാറിയിരുന്നു. തൃശൂർ താലൂക്ക് ഓഫീസിൽ നിന്ന് നടത്തിയ മൂന്നു സർവേയിൽ ബാക്കി വന്ന 12 വീടുകൾക്കും പട്ടയം ലഭിച്ചില്ല. ഒരുമിച്ച് അപേക്ഷ നൽകിയവരിൽ 12 പേർക്കും കിട്ടാതായതോടെ അവരുടെ തുണയായി റുഖിയ ഇറങ്ങിത്തിരിച്ചു.
അന്വേഷണത്തിൽ ഒല്ലൂക്കര പഞ്ചായത്ത് തൃശൂർ കോർപറേഷൻ പരിധിയിൽ ആയതിനുശേഷം ബാക്കിവന്ന വീട്ടുകാർക്കും പട്ടയം നൽകാമെന്ന് തൃശൂർ താലൂക്ക് തഹസിൽദാർക്ക് 2018ൽ കോർപറേഷൻ അധികാരികൾ കത്തു നൽകിയതായി അറിഞ്ഞു.
ഇതിന്റെ ഭാഗമായി ഭൂമി അളന്ന് പട്ടയ ഫയൽ തയാറാക്കി റുഖിയ തൃശൂർ താലൂക്ക് ഓഫീസിൽ ഹാജരാക്കി. 12 വീട്ടുകാരിൽ ഒരാൾ മരിച്ചതോടെ സംഖ്യ 11 ആയി ചുരുങ്ങിയിരുന്നു അപ്പോഴേക്കും.
എന്നാൽ വീണ്ടും റീ സർവേ നടത്താൻ താലൂക്ക് അധികൃതർ ഭൂമി അളന്നതോടെ കുടുംബങ്ങൾക്കൊപ്പം റുഖിയയും തകർന്നു.
ഇതിനിടയിലാണു സംസ്ഥാന സർക്കാർ സാന്ത്വന സ്പർശം അദാലത്തുമായെത്തുന്നത്. അദാലത്തിൽ രജിസ്റ്റർ ചെയ്ത് റുഖിയ കാത്തിരുന്നു. 106-ാമത്തെ ഉൗഴമായിരുന്നു റുഖിയയുടേത്.
അപേക്ഷ കണ്ടതോടെ മന്ത്രി ഉടൻ നടപടിക്കു തീരുമാനമെടുത്തു. കളക്ടർ എസ്. ഷാനവാസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി വിശദീകരണം തേടി. ഒടുവിൽ 14ന് നടക്കുന്ന പട്ടയമേളയിൽ ഉൾപ്പെടുത്തി റുഖിയയുടെ അയൽവാസികളായ 11 കുടുംബങ്ങൾക്കും പട്ടയം നൽകാൻ അദാലത്തിൽ പരിഹാരമായി.
10 വർഷമായി ഒല്ലൂക്കരയിലെ സാമൂഹിക രംഗത്ത ു പ്രവർത്തിക്കുന്ന റുഖിയയ്ക്കു രണ്ടു മക്കളാണ്. പരേതനായ കുഞ്ഞുമുഹമ്മദാണ് ഭർത്താവ്.