കോട്ടയം: പാലാ സീറ്റിന്റെ കാര്യത്തിൽ മാണി സി. കാപ്പന്റെ നിർണായക തീരുമാനം ഇന്നോ നാളയോ അറിയാം. ഇന്നലെ ഉച്ചയോടെ ഡൽഹിയിലെത്തിയ മാണി സി. കാപ്പൻ ഇന്ന് എൻസിപി നേതാക്കളായ ശരത് പവാറിനെയും പ്രഫുൽ പട്ടേലിനെയും കാണും.
തുടർന്നു നടക്കുന്ന ചർച്ചകൾക്കുശേഷമായിരിക്കും കാപ്പൻ നിർണായകമായ നിലപാട് പ്രഖ്യാപിക്കുന്നത്. മന്ത്രി എ.കെ. ശശ്രീന്ദ്രനും പി.പി. പീതാംബരൻ മാസ്റ്ററുമായും എൻസിപി കേന്ദ്ര നേതാക്കൾ ചർച്ച നടത്തുന്നുണ്ട്.
പാലാ സീറ്റിന്റെ പേരിൽ ഇടതുമുന്നണി വിടേണ്ടതില്ലെന്ന നിലപാടാണ് ശരത് പവാർ സ്വീകരിക്കുന്നതെങ്കിൽ മാണി സി. കാപ്പൻ സ്വന്തം നിലപാട് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. പാലാ വിട്ടുകൊടുത്തു കൊണ്ടുള്ള ഒരു സമവായത്തിനും കാപ്പനു താൽപ്പര്യമില്ല.
ഈ സാഹചര്യത്തിൽ പാലായിൽ യുഡിഎഫ് സ്ഥാനാർഥിയായി മാണി സി. കാപ്പനും എൽഡിഎഫിൽ ജോസ് കെ. മാണിയും മത്സരിക്കുന്ന സാഹചര്യമുണ്ടാകുമോ എന്നതാണ് രാഷ്ട്രീയ കൗതുകം.