കോട്ടയം: അടിക്കടിയുണ്ടാകുന്ന പാചക വാതക വിലവർധനവും അവശ്യ വസ്തുക്കളുടെ വിലവർധനവും ഹോട്ടൽ മേഖലയ്ക്കു തിരിച്ചടിയായി.
കോവിഡ് പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞിരുന്ന ഹോട്ടലുകൾക്കു പാചക വാതക വില വർധനവും അവശ്യ വസ്തുക്കളുടെ വിലവർധനവുമാണ് ഇരുട്ടടിയായത്.
വാണിജ്യ സിലിണ്ടറിന്റെ ഇപ്പോഴത്തെ വില 1542 രൂപയാണ്. 150 മുതൽ 200രൂപ വരെയാണ് കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം സിലിണ്ടറിനു വർധിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു നാളുകളായി കൃത്യമായ ഇടവേളകളിൽ പാചക വാതക സിലിണ്ടറിന്റെ വില കൃത്യമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതോടെയാണ് ഹോട്ടലുകളെല്ലാം പ്രതിസന്ധിയിലായിരിക്കുന്നത്.
കോവിഡ് പ്രതിസന്ധിയെ തുടർന്നു ഹോട്ടലുകളിൽനിന്നും അകന്ന ജനം തിരികെ വന്നു തുടങ്ങുന്നതേയുള്ളൂ. ഈ സാഹചര്യത്തിൽ സാധനങ്ങളുടെ വില വർധിപ്പിച്ച് ലാഭം എടുക്കുക എന്നത് ഹോട്ടലുകളെ സംബന്ധിച്ചു പ്രായോഗികവുമല്ല.
ഓരോ ദിവസവും അവശ്യസാധനങ്ങളുടെ വില ക്രമാതീതമായി വർധിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ദിവസവും വില കൂട്ടേണ്ട സാഹചര്യമാണ് ഹോട്ടലുകൾക്കുള്ളത്.
ഇത് സാധാരണക്കാരെ ഹോട്ടലുകളിൽനിന്നും അകറ്റുമെന്നതിനാൽ കച്ചവടക്കാർക്ക് ഇതിനും സാധിക്കുന്നില്ല. ഇതിനിടെയാണ് ഹോട്ടലുകളുടെ വയറ്റത്തടിച്ച് അനധികൃത വഴിയോരക്കച്ചവടങ്ങൾ നടക്കുന്നത്.
ലൈസൻസും ഫീസുകളും മറ്റു വൻ ചാർജുകളും നൽകിയ ഹോട്ടലുകൾ പ്രവർത്തിക്കുന്പോഴാണ് ഇവയൊന്നുമില്ലാതെ റോഡരികിൽ ഒരു പടുതയും വലിച്ചു കെട്ടിയും വാഹനത്തിലും മറ്റുമായി അനധികൃത കച്ചവടക്കാർ പണം കൊയ്യുന്നത്. ഇതെല്ലാം കൂടിച്ചേരുന്പോൾ ഹോട്ടൽ വ്യവസായ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
വാണിജ്യ സിലിണ്ടറിനും പലചരക്ക് പച്ചക്കറി തുടങ്ങിയ അവശ്യ വസ്തുക്കൾക്കും അമിതമായി വില വർധിച്ചതിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
പ്രസിഡന്റ് കെ.കെ. ഫിലിപ്പ് കുട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെരീഫ്, സെക്രട്ടറി എൻ. പ്രതീഷ്, വർക്കിംഗ് പ്രസിഡന്റ്് ആർ.സി. നായർ, ട്രഷറർ പി.എസ്. ശശിധരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷാഹുൽ ഹമീദ്, അൻസാരി തുടങ്ങിയവർ പ്രസംഗിച്ചു.