സ്വന്തം ലേഖകന്‍
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സാഹചര്യം മുറുകിയതോടെ സീറ്റ് ചര്‍ച്ചകളില്‍ പ്രത്യേകിച്ചും മലബാറില്‍ വിട്ടുവീഴ്ചയ്ക്കൊരുങ്ങി ലീഗ്.
മലബാറില്‍ ഏതുവിധേനയും കൂടുതല്‍ സീറ്റുകള്‍ നേടുക എന്ന തന്ത്രവുമായി അധികം സീറ്റുകളില്‍ മല്‍സരിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇതിന് ഹൈക്കമാന്‍ഡ് പച്ചക്കൊടികാട്ടികഴിഞ്ഞു. ഈ സാഹചര്യത്തില്‍ സീറ്റുകളുടെ എണ്ണത്തില്‍ അധികം ബലം പിടിക്കേണ്ട എന്നാണ് ലീഗ് തീരുമാനം.
കല്‍പ്പറ്റ, തിരുവമ്പാടി സീറ്റുകള്‍ ലീഗില്‍നിന്ന് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി കഴിഞ്ഞതായാണ് വിവരം. എന്നാല്‍, ഇക്കാര്യത്തില്‍ പെട്ടെന്ന് അയഞ്ഞു എന്ന സമീപനം ലീഗ് എടുക്കില്ല.
ഏറ്റവും അവസാനം വരെ ചര്‍ച്ച നടത്തിയശേഷം അടവു നയങ്ങളുടെ ഭാഗമായി സീറ്റ് വീട്ടുനല്‍കി എന്ന പ്രതീതിയുണ്ടാക്കും. പ്രവര്‍ത്തകരുടെ കൂടി വികാരം പരിഗണിച്ചാകും ഇത്.
തർക്കം വേണ്ട
നിലവിലെ സാഹചര്യത്തില്‍ ലീഗ് കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്യുന്നു എന്ന പരാതി സിപിഎം അതിശക്തമായി ഉന്നയിക്കുകയും കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട് സന്ദശിക്കുകയും ചെയ്തതിനെ വര്‍ഗീയവത്കരിക്കുകയും ചെയ്ത സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി സീറ്റ് തര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ട എന്നാണ് പാര്‍ട്ടി തീരുമാനം. മാത്രമല്ല ലീഗിനെ ആക്രമിച്ച സിപിഎമ്മിനെ അതിനേക്കാള്‍ കടുത്ത ഭാഷയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചത്.
പലപ്പോഴും രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ കടുത്ത വിമര്‍ശനം നടത്താത്ത ഉമ്മന്‍ ചാണ്ടി പോലും ശക്തമായി പ്രതികരിച്ചുകഴിഞ്ഞു. ഇതില്‍ ലീഗിന് സംതൃപ്തിയാണുള്ളത്.
തെക്കൻ താത്പര്യങ്ങൾ
കഴിഞ്ഞ തവണ 24 സീറ്റുകളില്‍ മല്‍സരിച്ച ലീഗ് ഇത്തവണ 30 സീറ്റുകളാണ് അനൗദ്യോഗികമായി ആവശ്യപ്പെട്ടിരുന്നത്.
എല്‍ജെഡി, കേരള കോണ്‍ഗ്രസ്-എം എന്നീ പാര്‍ട്ടികള്‍ മുന്നണിവിട്ട സാഹചര്യത്തില്‍ ഒഴിവുവരുന്ന 14 സീറ്റുകളില്‍ ആറു സീറ്റുകളാണ് ലീഗ് ലക്ഷ്യം വച്ചത്.
അതു മലബാറില്‍ തന്നെ വേണമെന്ന ആവശ്യവും ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍, മലബാറില്‍ ഒതുങ്ങിക്കൂടാതെ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കൂടുതല്‍ സാന്നിധ്യം വേണമെന്ന വികാരം പാര്‍ട്ടിയിലുണ്ട്. മലബാറിൽ രണ്ടു സീറ്റുകൾ ലീഗിനു കൂടുതൽ ലഭിച്ചേക്കും.
തിരുവനന്തപുരത്തെ കഴക്കൂട്ടം, കോട്ടയത്തെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളിലും ലീഗിനു താത്പര്യമുണ്ട്. രാഹുല്‍ ഗാന്ധിയുടെ മലബാറിലെ പ്രചാരണം കൂടി കണക്കിലെടുത്തു കോണ്‍ഗ്രസിനു ആ മേഖലയിൽ പരമാവധി സീറ്റുകള്‍ നല്‍കാനും ലീഗ് തയാറായേക്കും.