രാജീവ് ഡി.പരിമണം
കൊല്ലം : ജില്ലയിലെ 11 അസംബ്ലി മണ്ഡലങ്ങളിൽ എക്കാലത്തും വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ചവറ. കരിമണ്ണിന്റെ നാടായ ചവറ ബേബീജോണിന്റെ ആധിപത്യ മണ്ഡലമായിരുന്നു.
അദ്ദേഹത്തിന്റെ മകനും ആർഎസ്പി നേതാവുമായ ഷിബുബേബീജോണാണ് യുഡിഎഫ് സ്ഥാനാർഥിയായി അടുത്തഅസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
അഞ്ചാം അങ്കത്തിന് അടവുകൾ പയറ്റുന്ന അദ്ദേഹത്തിന്റെ എതിരാളി വിജയൻപിള്ള എംഎൽഎയുടെ മകൻ ഡോ.സുജിത്ത് തന്നെയായിരിക്കുമെന്നാണ് സൂചന.
പൊതുപ്രവർത്തനരംഗത്ത് സജീവമല്ലാതിരുന്ന സുജിത്ത് അടുത്തിടെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി. കല്യാണവീടുകളിലും മരണവീടുകളിലും പിതാവ് വിജയൻപിള്ളയെ പോലെ സജീവ സാന്നിധ്യംപകരുകയാണ്.
ജനകീയനായിരുന്ന വിജയൻപിള്ളയുടെ മകനെ മത്സരിപ്പിച്ച് ചവറ സീറ്റ് നിലനിർത്താനാകുമെന്ന് എൽഡിഎഫും കരുതുന്നു.
മുഖ്യമന്ത്രി പിണറായി വജയൻ അടുത്തിടെ കൊല്ലത്തുവന്നപ്പോൾ സുജിത്തുമായി ചില രാഷ്ട്രീയകാര്യങ്ങൾ ചർച്ചചെയ്തതായാണ് സൂചന.
സുജിത്ത് മത്സരരംഗത്തുനിന്ന് വിട്ടുനിന്നാൽസിപിഎം ജില്ലാകമ്മിറ്റി അംഗം അഡ്വ.ജി മുരളീധരനാണ് സാധ്യത. ചവറയിലെ എൽഡിഎഫ് സ്ഥാനാർഥി പട്ടികയിൽ ഈ രണ്ടുപേരുകൾക്കാണ് മുൻതൂക്കം.