തിരുവനന്തപുരം: കേരളാ പരീക്ഷാ ഭവന്റെ പേരിൽ വ്യാജ വെബ് സൈറ്റുകൾ നിർമിച്ച് സർട്ടിഫിക്കറ്റുകൾ വിൽപ്പന നടത്തി വരികയായിരുന്ന സംഘത്തിലെ പ്രതി ഡൽഹി സ്വദേശി അവിനാശ് റോയി വർമ(23) യ്ക്ക് അന്തർദേശീയ ബന്ധമെന്ന് സൈബർ പോലീസ്.
വിദേശത്തേക്കു ജോലി ലഭിക്കാൻ ഉൾപ്പെടെ ഇയാൾ പലർക്കും സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമിച്ച് നൽകിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ സൈബർ പോലീസ് കണ്ടെത്തി.
വിദേശത്തെ സർവകലാശാലകളുടെ പേരിൽ ഇയാൾ സർട്ടിഫിക്കറ്റുകൾ നിർമിച്ച് ഉദ്യോഗാർഥികൾക്കു നൽകിയിട്ടുണ്ടെന്ന സംശയവും ബലപ്പെടുന്നുണ്ട്.
സ്വർണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇയാൾക്കു പങ്കുണ്ടൊയെന്നതിലും പോലീസിനു സംശയം ഉണ്ട്.
ഇക്കാര്യങ്ങളെല്ലാം വിശദമായ ചോദ്യം ചെയ്യലിൽ അറിയാനാകുമെന്നാണ് സൈബർ പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
40 യൂണിവേഴ്സിറ്റികളുടെ സർട്ടിഫിക്കറ്റുകൾ
ഇന്ത്യയിലെ നാൽപതോളം യൂണിവേഴ്സിറ്റികളുടെ പേരിൽ വ്യാജ വെബ് സൈറ്റ് നിർമ്മിച്ച് സർട്ടിഫിക്കറ്റുകൾ നൽകി വരികയായിരുന്ന വലിയ സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തെത്തിച്ചു. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
ഇയാളുടെ സംഘത്തിൽ ബിഹാർ സ്വദേശികൾ ഉൾപ്പെടെയുള്ള വൻ സംഘം ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം. കൂട്ടാളികളും ഉടൻ പിടിയിലാകുമെന്ന് പോലീസ് വ്യക്തമാക്കി.
മൂന്നുലക്ഷത്തിന്റെ ലാപ്ടോപ്
പ്രതി അവിനാശിൽനിന്നു സൈബർ പോലീസ് പിടിച്ചെടുത്ത ലാപ്ടോപ്പിന് മൂന്നു ലക്ഷത്തിൽപ്പരം രൂപ വില വരും. ഇയാൾ ഉപയോഗിച്ച് വന്നിരുന്ന മൊബൈൽ ഫോണ് രണ്ട് ലക്ഷത്തിൽപരം രൂപ വിലപിടിപ്പ് വരുമെന്നു പോലീസ് പറഞ്ഞു.
ഇന്ത്യയിലെ നാൽപ്പതിലേറെ യൂണിവേഴ്സിറ്റികളുടെ വ്യാജ വെബ് സൈറ്റ് നിർമ്മിച്ച് ഇയാൾ 5000 ൽപരം സർട്ടിഫിക്കറ്റുകൾ വിൽപ്പന നടത്തി വന്നിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
25000 രൂപ വരെ
15000 രൂപ മുതൽ 25000 രൂപ വരെയാണ് സർട്ടിഫിക്കറ്റുകൾക്ക് ഈടാക്കിയിരുന്നത്. ഇയാളുടെ സഹായികളുടെ കൂട്ടത്തിൽ മലയാളികളും ഉണ്ടെന്നാണ് പോലീസ് കരുതുന്നത്.
കൊട്ടാരക്കരയിലെ ഒരു സ്കൂളിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയതുമായി ബന്ധപ്പെട്ട് പരീക്ഷാ ഭവൻ അധികൃതർ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയെ തുടർന്നാണ് സൈബർ പോലീസ് അന്വേഷണം നടത്തിയത്.