ടി.പി. സന്തോഷ്കുമാർ
തൊടുപുഴ: ഒരു വയസും അഞ്ചു ദിവസവുമാണ് കാതറിന്റെ പ്രായം. ഈ ചെറു പ്രായത്തിനിടയിൽ വേഷപ്പകർച്ചകൾ കൊണ്ട് ഏവരെയും വിസ്മയിപ്പിക്കുന്ന കാതറിൻ ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംപിടിച്ചാണ് അദ്ഭുതം സൃഷ്ടിച്ചിരിക്കുന്നത്.
ഇതിനു പുറമെ മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൾ കലാം ആസാദിന്റെ പേരിലുള്ള 2020-21ലെ ഇന്റർനാഷണൽ കലാം ഗോൾഡൻ അവാർഡായ ബെസ്റ്റ് അച്ചീവർ ഓഫ് ദി ഇയർ പുരസ്കാരവും കാതറിനെ തേടിയെത്തി.
ദേശീയ തലത്തിലുള്ള 15 പ്രച്ഛന്നവേഷ മത്സരങ്ങളിലാണ് കാതറിൻ മേരി ജോബിൻ മൽസരിച്ചത്. ഇതിൽ 11 മത്സരങ്ങളിലും ഒന്നാംസ്ഥാനം നേടി. കർഷകൻ, സാന്റാക്ലോസ്, ഉണ്ണിയാർച്ച, ഷെഫ്, തേനീച്ച , മാലാഖ തുടങ്ങി വ്യത്യസ്തമായ വേഷങ്ങളിലാണ് കാതറിൻ പകർന്നാട്ടം നടത്തിയത്.
പത്തു മാസവും 23 ദിവസവും പ്രായത്തിനിടയിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രച്ഛന്നവേഷ മൽസരങ്ങളിൽ പങ്കെടുത്ത ബേബിയെന്ന ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സ് ബഹുമതി കാതറിനെ തേടിയെത്തിയത്. 11 മാസവും അഞ്ചു ദിവസവും പ്രായമുള്ളപ്പോൾ ഇന്റർനാഷണൽ കലാം ഗോൾഡൻ അവാർഡും തേടിയെത്തി.
ആറരമാസം പ്രായമുള്ളപ്പോൾ മുതൽ കാതറിൻ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. കുവൈറ്റ് ഇന്ത്യൻ എഡ്യൂക്കേഷണൽ സ്കൂളിലെ അധ്യാപികയായിരുന്ന അമ്മ അനുപ്രിയയാണ് കാതറിന് അവസരങ്ങൾ കണ്ടെത്തി ഒരുക്കുന്നത്.
പ്രസവത്തിനു നാട്ടിലെത്തിയ അനുപ്രിയ മകളെ അണിയിച്ചൊരുക്കി ഓണ്ലൈൻ മൽസരങ്ങളിൽ പങ്കെടുപ്പിക്കുകയായിരുന്നു. ദേശീയ തലത്തിൽ നടക്കുന്ന ക്യൂട്ട് ബേബി കോണ്ടസ്റ്റിലും ഇൻഡ്യൻബുക്ക് ഓഫ് റിക്കാർഡ്സ് കോണ്ടസ്റ്റിലും ഉൾപ്പെടെ 15 മൽസരങ്ങളിലാണ് ഇതു വരെ കാതറിൻ പങ്കെടുത്തത്.
മുട്ടിലിഴയുന്പോഴും ഇരിക്കാവുന്ന പ്രായത്തിലുമാണ് കാതറിൻ ഈ വേഷപ്പകർച്ചകളുമായി കാണികളെ വിസ്മയിപ്പിച്ചത്.
കഴിഞ്ഞ മാസം 27നാണ് കാതറിന് ഒരു വയസ് തികഞ്ഞത്. ആർക്കിടെക്ടും ഡിസൈൻ എൻജിനിയറുമായ പിതാവ് വഴിത്തല മുഴുത്തേറ്റ് ജോബിൻ മകൾക്ക് പുർണ പിന്തുണയുമായി ഒപ്പമുണ്ട്.
മന്ത്രി എം.എം. മണി ഉൾപ്പെടെ ഒട്ടേറെപ്പേരുടെ ആശംസകൾ ഇതിനോടകം കാതറിനെ തേടിയെത്തിയിരുന്നു. വീണ്ടും വിസ്മയിപ്പിക്കാൻ അടുത്ത മൽസരത്തിനുള്ള തയാറെടുപ്പിലാണ് കാതറിനും മാതാപിതാക്കളും.