തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെത് അപകടമരണമാണെന്നും അപകടത്തിൽ ദുരൂഹതയില്ലെന്നും വ്യക്തമാക്കി സിബിഐ കുറ്റപത്രം. ബാലഭാസ്കറിന്റെ കാർ ഡ്രൈവർ അർജുനെ കേസിലെ പ്രതിയാക്കി.
മനഃപൂർവമല്ലാത്ത നരഹത്യ, മോട്ടോർ വാഹന നിയമന ലംഘനം എന്നീ വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്.
അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച കലാഭവൻ സോബിക്കെതിരേ കേസെടുക്കുമെന്നും സിബിഐ വ്യക്തമാക്കി.
രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്ന തിരുവനന്തപുരം സ്വദേശി അശ്വിൻ, കൊല്ലം സ്വദേശികളായ അഖിൽ, വിനുക്കുട്ടൻ എന്നിവരടക്കം 132 സാക്ഷികൾ, 100 രേഖകൾ, 100 തൊണ്ടിമുതലുകൾ എന്നിവയാണ് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
2018 സെപ്റ്റംബർ 25ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. തൃശൂരിൽനിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ തിരുവനന്തപുരം പള്ളിപ്പുറം സിആർപിഎഫ് ക്യാന്പിനു സമീപത്തുവച്ചായിരുന്നു അപകടം.
ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിക്കും ഡ്രൈവർ അർജുനും അപകടത്തിൽ പരിക്കേറ്റിരുന്നു.
2018 സെപ്റ്റംബർ 25ന് മംഗലാപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
എന്നാൽ അന്വേഷണം ശരിയായ ദിശയിൽ അല്ലെന്നു കാട്ടി ബാലഭാസ്കറിന്റെ അച്ഛൻ മുഖ്യമന്ത്രിക്കു പരാതി നൽകിയതിനെത്തുടർന്നാണ് കേസ് കഴിഞ്ഞ ജൂണ്‍ 12നു സിബിഐ ഏറ്റെടുത്തത്.