അഞ്ചല്‍: ഏരൂര്‍ കടയ്ക്കല്‍ പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ വൃദ്ധനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു.
കഴിഞ്ഞ ദിവസമാണ് കാട്ടാമ്പള്ളി സ്വദേശി ഗോപാലന് (70) മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ഒറ്റക്ക് കഴിഞ്ഞിരുന്ന ഗോപാലനെ റബര്‍ ടാപ്പിങ്ങിനു എത്തിയ മകന് വിളിക്കാനായി എത്തിയപ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ വിവസ്ത്രനായി കിടക്കുന്നത് കാണുന്നത്.
മകന് വിവരം ഉടന്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. കട്ടിലിന് മുകളിലായി വീടിന്റെ കഴുക്കോലില്‍ കൈലി കെട്ടിതൂക്കിയ നിലയില്‍ കാണപ്പെട്ടതോടെ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വീണതാകാം എന്ന നിഗമനത്തിലായിരുന്നു പോലീസ്.
എന്നാല്‍ പിതാവിന്റെ കഴുത്തില്‍ ഉണ്ടായിരുന്ന ഒന്നരപ്പവന്‍ തൂക്കം വരുന്ന മാലയും മോതിരവും കാണാനില്ലെന്ന വിവരവും മകന് പോലീസിനോട് പറഞ്ഞിരുന്നു.
അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി അയക്കുകയും ചെയ്തു.
പിന്നീട് ഉച്ചയോടെ കടയ്ക്കലിലുള്ള ഒരു ജൂവലറിയില്‍ യുവാവ് സ്വര്‍ണം വില്ക്കാന് എത്തിയതോടെ സംഭവത്തിന്റെ ഗതി മാറി. സ്വര്‍ണം വില്ക്കാന് എത്തിയ യുവാവ് നല്കിയ പേരും ഫോണ്‍ നമ്പരിലും സംശയം തോന്നിയ ജൂവലറി ഉടമ യുവാവ് നല്കിയ ഫോണ്‍ നമ്പരില്‍ വിളിച്ചുനോക്കുകയായിരുന്നു.
ഇത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ വിവരം കടയ്ക്കല്‍ പോലീസില്‍ അറിയിച്ചു. കടയ്ക്കല്‍ പോലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകായിരുന്നു.
എന്നാല്‍ ഇത് തന്റെ സുഹൃത്ത് തന്ന സ്വര്‍ണം ആണെന്നും തനിക്ക് കൂടുതലായി ഒന്നും അറിയില്ലെന്നും ഇയാള്‍ പറഞ്ഞു. ഇതിനിടയില്‍ മരിച്ച ഗോപാലന്റെ മകന് കടയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ എത്തി സ്വര്‍ണം പിതാവിന്റെ ആണെന്ന് തിരിച്ചറിയുകയുമായിരുന്നു.
ഇതോടെ കസ്റ്റഡിയില്‍ എടുത്ത കാട്ടാമ്പള്ളി സ്വദേശി യുവാവിനെ ഏരൂര്‍ പോലീസിനു കൈമാറി. ഇയാള്‍ക്ക് സ്വര്‍ണം കൊടുത്ത സുഹൃത്തായ യുവാവ് ഒളിവിലാണെന്നും ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുമുണ്ട്.
സ്വര്‍ണം കവരുന്നതിനായി ഗോപാലനെ കൊലപ്പെടുത്തുകയായിരുന്നോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഒളിവില്‍ പോയ യുവാവിനെ കൂടി പിടികൂടിയാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുവെന്ന് ഏരൂര്‍ പോലീസ് പറഞ്ഞു.