തയാറാക്കിയത്: സീമ മോഹന്‍ലാല്‍
2016 ഒക്ടോബറില്‍ കെ.പി. മനേഷ് പാലക്കാട്-തൃശൂര്‍ അതിര്‍ത്തി പങ്കിടുന്ന ചങ്ങരംകുളം സ്റ്റേഷനില്‍ എസ്എച്ച്ഒ ആയി ചുമതലയേറ്റ സമയം.
ക്രമസമാധാന പ്രശ്നങ്ങള്‍ കുറവുള്ള സ്റ്റേഷനാണ് ചങ്ങരംകുളം. മോഷണവും മറ്റും വളരെ അപൂര്‍വമായേ നടക്കാറുള്ളൂ. പൊതുവെ ശാന്തമായ അന്തരീക്ഷമായിരുന്നു അവിടെ.
ചുരുക്കം ചില മോഷണങ്ങള്‍
എസ്ഐ മനേഷ് സ്റ്റേഷനില്‍ ചുമതലയേറ്റ ശേഷം അന്വേഷണത്തിലിരിക്കുന്ന കേസുകളുടെ സിഡി ഫയലുകള്‍ പരിശോധിച്ചു. ആ സമയം തെളിയാത്ത ചില മോഷണ കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടു.
വീടുകള്‍ കുത്തിത്തുറന്നു പണവും സ്വര്‍ണവും മോഷണം പോയതും വീടിന്റെ പോര്‍ച്ചില്‍നിന്നു വാഹനങ്ങള്‍ മോഷണം പോയതുമൊക്കെ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.
സാധാരണ കേസുകളില്‍ മോഷണം നടത്തുന്നതു സ്റ്റേഷന് പരിധിയിലോ ആ ജില്ലയിലോ ഉള്ള സ്ഥിരം മോഷ്ടാക്കള്‍ ആയിരിക്കും. അല്ലെങ്കില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങുന്ന മോഷ്ടാക്കള്‍ അതേ മോഷണം തുടരുകയുമാണ് പതിവ്.
മോഷണത്തിനുള്ള പ്രത്യേക കാരണമൊന്നും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തൃശൂര്‍, കോഴിക്കോട് ഹൈവേയിലും എടപ്പാള്‍ ഭാഗത്തു ഹൈവേയ്ക്കു ചേര്‍ന്നുള്ള വീടുകളിലുമാണ് മോഷണം നടന്നതെന്ന് അദ്ദേഹം മനസിലാക്കി.
വീണ്ടും മോഷണങ്ങള്‍ 2017 ഫെബ്രുവരി…
രാവിലെ പോലീസ് സ്റ്റേഷനിലേക്ക് ഒരു പ്രാദേശിക നേതാവ് വിളിച്ചു. എടപ്പാള്‍ നടുവട്ടം ഭാഗത്തു സത്യപാല്‍ (യഥാര്‍ഥ പേരല്ല) എന്നയാളുടെ വീടു കുത്തിത്തുറന്ന് ആഭരണങ്ങളും വിലയേറിയ വാച്ചും പണവും മോഷ്ടിച്ചിരിക്കുന്നു എന്നായിരുന്നു ഫോണ്‍ കോള്‍.
എസ്ഐ മനേഷും സംഘവും ഉടൻ സംഭവസ്ഥലത്തെത്തി. വീട്ടുകാര്‍ ആകെ ഭയചകിതരായി ഇരിക്കുകയായിരുന്നു. വിരലടയാള വിദഗ്ധരും പോലീസ് ഫോട്ടോഗ്രഫറും പോലീസ് നായയും സ്ഥലത്തെത്തി.
കള്ളന് കുത്തിത്തുറന്ന മുറികളും സാധനങ്ങളും പരിശോധിച്ചു. തെളിവെടുപ്പു നടത്തി. രണ്ടു വര്‍ഷം മുമ്പ് ഈ വീട്ടില്‍ കള്ളന് കയറിയിരുന്നു. അതിനാല്‍ വീട്ടുകാര്‍ സിസിടിവി കാമറ വച്ചിരുന്നു.
സിസിടിവിയില്‍ കണ്ടത്
സിസിടിവി പരിശോധിച്ചതില്‍നിന്നു രാത്രി 2.30ന് മുഖംമൂടി ധരിച്ച സാമാന്യം വണ്ണമുള്ള ഒരാള്‍ വീടിനുള്ളില്‍ കയറി അലമാരകള്‍ കുത്തിത്തുറന്നു സ്വര്‍ണവും രണ്ടു മൊബൈല്‍ ഫോണുകളും മറ്റും മോഷ്ടിക്കുന്നതിന്റെ ദൃശ്യം ലഭിച്ചു.
ഇടയ്ക്ക് അയാള്‍ മുഖംമൂടി അല്പം മാറ്റിയതിനാല്‍ മുഖം ചെറുതായി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. മോഷ്ടാവ് കരുത്തനാണെന്ന് ഒറ്റനോട്ടത്തില്‍ മനസിലാകും.
അയാളുടെ തോളില്‍ ഒരു ബാഗും അതിനുള്ളില്‍ പൂട്ടുകള്‍ തുറക്കുന്നതിനായി പലതരത്തിലുള്ള ഉപകരണങ്ങളും ഉണ്ടായിരുന്നു. എങ്കിലും മോഷ്ടാവിന്റെ മുഖം വ്യക്തമായി കാമറയില്‍ പതിഞ്ഞിരുന്നില്ല.
പക്ഷേ, ഒരു കാര്യം അന്വേഷണോദ്യോഗസ്ഥനു മനസിലായി. ഇതുവരെ കേരള പോലീസിന്റെ ക്രൈം റിക്കാര്‍ഡുകളില്‍ കയറാത്ത ഏതോ കള്ളനാണ് പ്രതി.
(തുടരും)