ചെന്നൈ: അണ്ണാ ഡിഎംകെയിൽ രാഷ്ട്രീയ ബലാബലം കൊഴുക്കുന്നതിനിടെ ശശികല ക്യാന്പിന് തുടക്കത്തിലേ തിരിച്ചടി. മറീന ബീച്ചിലെ ജയലളിത സമാധിയിൽ ഉപവാസമിരുന്നശേഷം ശക്തിപ്രകടനത്തിനുള്ള ഒരുക്കവുമായി മുന്നോട്ടുപോകുന്നതിനിടെ സ്മാരകത്തിലേക്ക് സന്ദർശകർക്കു വിലക്കേർപ്പെടുത്തി സർക്കാർ ഉത്തരവിറങ്ങിയതാണ് ശശികലയ്ക്ക് തിരിച്ചടിയായത്.
അറ്റകുറ്റപ്പണികളുണ്ടെന്ന ന്യായം പറഞ്ഞാണ് ജയ സ്മാരകം അടച്ചിടാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് കാലത്ത് ചെന്നൈ കണ്ട ഏറ്റവും വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി കഴിഞ്ഞയാഴ്ച തുറന്ന സ്മാരകത്തിൽ എന്ത് അറ്റകുറ്റപ്പണിയാണ് നടത്തുന്നതെന്നു വ്യക്തമല്ല.